കൊച്ചി: കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതേ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലപാതകം നടത്തുന്നതിന് പോലീസ് സഹായം ചെയ്യുന്ന സാഹചര്യമാണുള്ളത്. കൊലയ്‌ക്കു ശേഷവും സഹായങ്ങളുണ്ടാകുന്നു. സിപിഎമ്മുകാര്‍ പ്രതികളായ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷപ്പെടുന്നു. സിപിഎം ഭരണത്തില്‍ കേസുകള്‍ തന്നെ എഴുതിത്തള്ളുകയാണെന്നും കുമ്മനം പറഞ്ഞു.
വികാസ് യാത്രയുടെ ഭാഗമായി എറണാകുളത്തെത്തിയ കുമ്മനം ഷിപ്പ് യാര്‍ഡ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ പോലീസിന് ധൈര്യമില്ലാതായി. പാര്‍ട്ടി നേതൃത്വം പറയുന്നതിനനുസരിച്ച് ചലിക്കുന്നവരായി പോലീസ് മാറിയെന്നും കുമ്മനം പറഞ്ഞു.
കൊച്ചി കപ്പല്‍ശാലയിലുണ്ടായതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കപ്പല്‍ശാലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് പ്രശ്‌നങ്ങള്‍ അറിയിച്ച് പരിഹാരം ഉണ്ടാക്കും. ദുരന്തത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി ഏതൊക്കെ തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കുമ്മനം പറഞ്ഞു.
യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ കുമ്മനം പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ചേരാനെല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ വസതിയിലും ചെറായി സഹോദരന്‍ അയ്യപ്പന്റെ വസതിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഉദ്യോഗമണ്ഡലില്‍ അദ്ദേഹം തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ്പി.എം വേലായുധന്‍, സെക്രട്ടറി എ.കെ നസീര്‍, മേഖലാ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, ജില്ലാ മീഡിയസെല്‍ കണ്‍വീനര്‍ പ്രകാശ്ബാബു തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പമുണ്ട്.
















