കൊച്ചി: കേരളത്തില്‍ ശക്തമായ മുസ്ലിം ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നു. ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരോധന തീരുമാനം വരും. സംസ്ഥാനത്തെ ബിജെപി – സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഡിജിപിയും ശരിവെച്ചതിനെ തുടര്‍ന്നാണിത്. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ജനുവരിയില്‍ മദ്ധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന രാജ്യത്തെ മുഴൂവന്‍ ഡജിപിമാരുടെയും യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ചര്‍ച്ചാവിഷയമായി. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റ ഈ മുസ്ലിം ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്പാദിച്ച വിവരങ്ങളും അവതരിപ്പിച്ചു.
ഇതാദ്യമായാണ് ഡിജിപിമാരുടെ സമ്മേളനത്തില്‍ ഒരു സംഘടനയെക്കുറിച്ച് ചര്‍ച്ച നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. “പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്,” മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഒട്ടേറെ ആക്രമണ സംഭവങ്ങളില്‍ നാല് കൊലപാതകങ്ങളില്‍ ആ സംഘടനയ്‌ക്കുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നറിയിച്ചു. ഇതു സംബന്ധിച്ച് അവസാന അന്വേഷണവും പരിശോധനയും നടത്തിയ ശേഷം നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്നഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യമായാണ് ഡിജിപി തലത്തിലുള്ള യോഗത്തില്‍ ഒരു സംഘടന ചര്‍ച്ചയാകുന്നത്. ഏറെ നാളായി പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷണത്തിലായിരുന്നു. ഡിജിപി യോഗത്തില്‍ മുമ്പ് സിമിയും ഇന്ത്യന്‍ മുജാഹിദീനും ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ രണ്ടും നിരോധിച്ച ശേഷമാണ് ചര്‍ച്ച ചെയ്‌തതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ദേശീയ സുരക്ഷാ ഏജന്‍സി കഴിഞ്ഞ വര്‍ഷം അവസാനം കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നാലു കൊലപാതകങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനു നല്‍കിയിരുന്നു.
ഏപ്രിലിലോടെ നിരോധന ഉത്തരവ് വന്നേക്കും. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ് വൈകിക്കുന്നത്. മൂവാറ്റുപുഴയില്‍ 2010 ല്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസ് ഉള്‍പ്പെടെ ഒമ്പതു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം എന്‍ഐഎക്ക് കണ്ടെത്താനായിട്ടുണ്ട്.
















