ന്യൂദല്‍ഹി: കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്‌ട്രീയ നേതാക്കള്‍ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നതും തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതും ആശങ്കാകരമാണെന്ന് സുപ്രീം കോടതി.
ശിക്ഷിക്കപ്പെട്ടയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ജനപ്രാതിനിധ്യ നിയമപ്രകാരം വിലക്കുണ്ട്. പിന്നെ എങ്ങനെ അത്തരമൊരാള്‍ക്ക് പാര്‍ട്ടിയുണ്ടാക്കാനും പാര്‍ട്ടികളടെ തലപ്പത്തിരിക്കാനും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും കഴിയും? ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആരാഞ്ഞു.
ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് മനുഷ്യ സ്‌നേഹികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. സ്‌കൂള്‍ സ്ഥാപിക്കാം, പക്ഷെ ഭരണകാര്യത്തില്‍ ഇവര്‍ വരുന്നത് ആശങ്കാജനകമാണ്. പ്രമുഖ ബിജെപിനേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകറ്റി നിറുത്താന്‍ അധികാരമുണ്ടെങ്കിലും രാഷ്‌ട്രീയക്കാരെ വിലക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ല, തെരഞ്ഞടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അമിത് ശര്‍മ്മ പറഞ്ഞു. പാര്‍ലമെന്റ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താല്‍ അത് നടപ്പാക്കാം. അദ്ദേഹം വ്യക്തമാക്കി.
















