ന്യൂദൽഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശക്തി പകർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്രിപുരയിലെത്തി. ഇന്നലെ വൈകീട്ടോടെ എത്തിയ അദ്ദേഹം പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. ത്രിപുരയിൽ സിപിഎമ്മിന്റെ രാഷ്‌ട്രീയ ഭരണത്തെ തച്ചുടയ്‌ക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്ന് യോഗി പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും നേട്ടങ്ങളും ത്രിപുര സർക്കാർ സംസ്ഥാനത്തെ പാവപ്പെട്ടവരിലെത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേന്ദ്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സംസ്ഥാനത്ത് ഓരോ ആൾക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാരുമായി മികച്ച ബന്ധം പുലർത്താൻ സംസ്ഥാന സർക്കാരിനാകും. സംസ്ഥാനത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികൾ മണിക് സർക്കാർ നിഷേധാത്മകമായി ഉപേക്ഷിച്ചിരുന്നു. പ്രധാനമന്ത്രി മുദ്ര യോജന, സ്റ്റാർട്ട് അപ്പ് ഇന്ത്യ, സ്റ്റാൻ്റ് അപ്പ് സ്കീം , പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു- യോഗി പറഞ്ഞു.
മണിക് സർക്കാർ സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള പദ്ധതികൾ തുടങ്ങാൻ ആഗ്രഹമില്ലാത്ത വ്യക്തിയാണ്. സംസ്ഥാനത്ത് സിപിഎം അരാജകത്വത്തെ പരിപോഷിപ്പിക്കുകയാണെന്നും യോഗി തുറന്നടിച്ചു. സംസ്ഥാനത്ത് നിയമ നിർവ്വഹണം പരാജയപ്പെട്ടിരിക്കുകയാണ്, ഇക്കാരണങ്ങൾകൊണ്ട് തന്നെ ബിജെപി ഉറപ്പായും സംസ്ഥാനത്ത് അധികാരത്തിലെത്തണം.- യോഗി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 18നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 3ന് പുറത്ത് വരും.
















