തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങള്‍ ഹിന്ദുത്വത്തെ മതമായിട്ടല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക വ്യക്തിത്വമെന്നാണു കാണുന്നത്. ഈ വീക്ഷണത്തിന് ജനങ്ങളില്‍ നിന്ന് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഇതുകണ്ട് ഉറക്കം നഷ്ടപ്പെട്ട ചില രാഷ്‌ട്രീയ നേതാക്കളും സാഹിത്യകാരന്മാരും ഹിന്ദുത്വത്തെ മതവാദമെന്നും ന്യൂനപക്ഷ വിരുദ്ധതയെന്നും വ്യാഖ്യാനിക്കുന്നു.
സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇവര്‍ ലിബറല്‍ ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന മുഖമുടിയണിഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നടത്തുന്ന ഹീനതന്ത്രങ്ങളെ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അപലപിച്ചു. ദേശീയ പ്രസ്ഥാനങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതേ ശക്തികള്‍ സങ്കുചിത മത-ജാതിവാദങ്ങളെ ഇളക്കിവിട്ട് സമൂഹത്തെ വിഘടിപ്പിച്ച് ഫാസിസ്റ്റ് ശൈലിയില്‍ വോട്ടുബാങ്കുരാഷ്‌ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നു വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
വിചാരകേന്ദ്രത്തിന്റെ പ്രസിഡന്റ് എം.മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു, ഡോ.കെ.എന്‍.മധുസൂദനന്‍ പിള്ള, ഡോ.കെ.ശിവപ്രസാദ്, ഡോ.കെ.സി.അജയകുമാര്‍, വി.മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















