ആലപ്പുഴ: ബോട്ടപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സുരക്ഷാ ബോട്ടുകള്‍ വാങ്ങാനുള്ള ജലഗതാഗത വകുപ്പ് തീരുമാനം നാലു വര്‍ഷമായിട്ടും നടപ്പായില്ല. 2014-15 സാമ്പത്തിക വര്‍ഷം 1.90 കോടി രൂപയാണ് അഞ്ചു ബോട്ടുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാല്‍ നിര്‍മ്മാണം മാത്രം ആരംഭിച്ചില്ല. തൊട്ടടുത്തവര്‍ഷം 3.10 കോടി രൂപയായി നിര്‍മ്മാണച്ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു. എന്നിട്ടും ഒരു ബോട്ടുപോലും ജലഗതാഗത വകുപ്പിന് ലഭിച്ചില്ല.
ആലുവയിലെ സ്വകാര്യ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനെ ഒഴിവാക്കിയതില്‍ തുടക്കം മുതല്‍ തന്നെ സംശയമുയര്‍ന്നിരുന്നു. പിന്നീട് ഇതേ സ്വകാര്യ സ്ഥാപനം സര്‍ക്കാരില്‍ നിന്നും 3.10 കോടി രൂപയ്‌ക്ക് നിര്‍മ്മാണ അനുമതി നേടിയെടുത്തു. 2017 മാര്‍ച്ചില്‍ ആകെ അനുവദിച്ച തുകയുടെ 50 ശതമാനവും ഈ കമ്പനിക്ക് നല്‍കി.
ഒരു ബോട്ടുപോലും നിര്‍മ്മിച്ചു നല്‍കാതെയാണ് ഒന്നരക്കോടിയോളം രൂപ ഇവര്‍ക്ക് നല്‍കിയത്. കഴിഞ്ഞയിടെ ഒരു ബോട്ടു നിര്‍മ്മിച്ച് നല്‍കിയെങ്കിലും പരീക്ഷണ ഓട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടു. സുരക്ഷാ ബോട്ടു നിര്‍മ്മിക്കാന്‍ കൊച്ചി യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ സാങ്കേതിക ഡിസൈനിന് 2014-15ല്‍ 1.9 കോടി ആയിരുന്നത് തൊട്ടടുത്ത വര്‍ഷം 3.10 കോടിയായി ഉയര്‍ത്തിയതിലും ദുരൂഹതയുണ്ട്.
















