പണമില്ല പട്ടിണികിടക്കേണ്ടി വരും എന്ന് പറയാതെ പറഞ്ഞ് തുടങ്ങിയ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് സാധാരണ കാണാറുള്ള ആവേശമൊന്നും സഭയില്‍ പ്രതിഫലിച്ചില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിപോലെ മാന്ദ്യം ബാധിച്ച അവസ്ഥയിലായിരുന്നു സഭയും.
ആര്‍ക്കോ വേണ്ടി ഒരു പുസ്തകം വായിക്കുന്ന പ്രതീതി. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ കൈയ്യടി നേടാനായെങ്കിലും പിന്നീടങ്ങോട്ട് ഭരണ പ്രതിപക്ഷ അംഗങ്ങളെ തീര്‍ത്തും അലോസരപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുഖത്തും ഇത് പ്രകടമായിരുന്നു. ചിലര്‍ കുശലം പറഞ്ഞിരുന്നപ്പോള്‍ മറ്റ് ചിലര്‍ പാതിമയക്കത്തിലാണ്ടു. കയര്‍ വ്യവസായത്തെയും, കശുവണ്ടി വ്യവസായത്തെയും പറ്റി പറഞ്ഞപ്പോള്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഒറ്റയ്‌ക്ക് കൈയടിച്ചു.
ഇടയ്‌ക്കിടെ നോവലും കവിതയും വായിക്കുന്ന പ്രതീതിയായിരുന്നു തെല്ലൊന്ന് നിരാശപ്പെടുത്താതിരുന്നത്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്‌നേഹ രണ്ടു വര്‍ഷം മുമ്പ് അടുക്കള എന്ന വിഷയത്തെ സംബന്ധിച്ച് എഴുതിയ കവിതയും മന്ത്രി കൂട്ടു പിടിച്ചു.
പി. വത്സല, വിജയലക്ഷ്മി, കെ.ആര്‍. മീര, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ 24 എഴുത്തുകാര്‍ പ്രസംഗത്തില്‍ കടന്ന് വന്നതാണ് അംഗങ്ങള്‍ക്ക് അല്പമെങ്കിലും ആലസ്യത്തില്‍ നിന്ന് മോചനം നേടാനായത്.
















