മലപ്പുറം: മതമൗലികവാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം വനിത ജുമ നമസ്കാരത്തിന് നേതൃത്വം നല്കി. മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാമായത്.
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള പള്ളിയില്‍ ജാമിദയുടെ നേതൃത്വത്തില്‍ മുപ്പതോളം പേര് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നല്‍കുക സാധാരണ പുരുഷന്മാരാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ബന്ധം ഖുര്‍ആനില്‍ ഇല്ലെന്നാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നിലപാട്. സ്ത്രീകള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിത നേതാവ് ആമിന വദൂദാണ് ജുമാ നമസ്കാരത്തിന് നേതൃത്വം നല്കിയ ആദ്യ വനിത. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന് സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.
അതേസമയം, നമസ്കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിദക്ക് വധഭീഷണിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും കൊലവിളി തുടരുകയാണ്. ജാമിദക്കും സംഘത്തിനും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: