പാലക്കാട്: ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് ഭാരതീയ സംസ്‌കാരമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
അവസാനവരിയിലെ അവസാനത്തെയാള്‍ക്കും അധികാരവും അവസരവും ലഭിക്കുമ്പോഴേ നമ്മുടെ ജനാധിപത്യം അതിന്റെ സങ്കല്‍പ്പങ്ങളെ സാക്ഷാത്കരിക്കൂ. റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് കല്ലേക്കാട് വ്യാസപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുശേഷം രൂപംകൊണ്ട ഭരണഘടന ഇന്ത്യയിലെ സമസ്ത ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ശക്തിയാണ്. സമ്പൂര്‍ണ്ണ ലോകത്തെയും ഏകാത്മഭാവത്തോടെ കാണാന്‍ കഴിയുന്ന ഭാരതത്തിന്റെ സംസ്‌കാരമാണ് അതിന്റെ കാതല്‍. രാജ്യത്ത് വൈവിധ്യങ്ങള്‍ക്കിടയിലുള്ള സുന്ദരമായ ഏകത്വം ഭാരതീയ സംസ്‌കാരമാണ്.
നമ്മുടെ രാഷ്‌ട്രജീവിതത്തിന്റെ ആധാരം ത്യാഗമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്‌ട്രവൈഭവത്തിന് ജനതയുടെ സമര്‍പ്പണം ആവശ്യമാണ്. ഭരണഘടനയ്‌ക്കും രാജ്യതാത്പര്യത്തിനും അനുഗുണമായിരിക്കണം വ്യക്തിജീവിതം. മൗലിക അവകാശങ്ങള്‍ പോലെതന്നെ പ്രധാനമാണ് മൗലിക കടമകളും. ഭരണഘടനയിലെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ പാലിക്കപ്പെടാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. തഹസീല്‍ദാരും വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നുവെങ്കിലും കാഴ്ചക്കാരായി നിന്നു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ഡോ. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതിനെച്ചൊല്ലി സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ടായി.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജി.ദേവന്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനവും അരങ്ങേറി.ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ രചനാ സമാഹാരം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ഡയറക്ടര്‍ കെ.കെ. മുഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി.
















