മലപ്പുറം: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കിയ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയ്‌ക്ക് വധ ഭീഷണി. ഒരു സ്ത്രീ നമസ്കാരത്തിന് നേതൃത്വം നല്‍കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വധഭീഷണി ഉണ്ടായത്.
ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്കാരം. മുസ്ലിം സമുദായത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ഇത്തരം കീഴ്‌വഴക്കം ഖുറാനില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. എന്നാല്‍ വധഭീഷണി കാര്യമാക്കാന്‍ ജാമിദ തയ്യാറല്ല. മറ്റു സ്ഥലങ്ങളിലേക്കും ഈ സമ്പ്രദായം വ്യാപിപ്പിക്കുമെന്ന് ജാമിദ വ്യക്തമാക്കി.
അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്കാരത്തിന് നേതൃത്വം നല്‍കിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. ”സ്ത്രീക്കും പുരുഷനും ഖുറാനില്‍ തുല്യപ്രധാന്യമാണ് നല്‍കുന്നത്. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ ഭര്‍ത്താവ് എന്ന് പോലും ഖുറാനില്‍ പരാമര്‍ശിച്ചിട്ടില്ല,”, ഇതാണ് ജാമിദയുടെ നിലപാട്.
















