പീരുമേട്: പനിബാധിച്ച് ഉള്‍വനത്തില്‍ കുടുങ്ങിയ വനവാസികളായ ബന്ധുക്കളെ നാല് കിലോമീറ്ററോളം ചുമന്ന് നാട്ടുകാര്‍ പുറത്തെത്തിച്ചു. എരുമേലി റേഞ്ചിലെ ഉള്‍വനത്തില്‍ കുടുങ്ങിയ തങ്കമ്മ(50), രാമകൃഷ്ണന്(32) എന്നിവരെയാണ് ഇന്നലെ വൈകിട്ട് വണ്ടിപ്പെരിയാര്‍ സത്രത്തിന് സമീപം എത്തിച്ചത്. 12-ാം വാര്‍ഡ് അംഗം മാരിയപ്പന്റെ നേതൃത്വത്തില്‍ 20തോളം നാട്ടുകാര്‍ എത്തിയാണ് കമ്പില്‍ തുണികെട്ടി ഇതില്കയറ്റി ഇരുവരെയും പുറത്തെത്തിച്ചത്. സത്രത്തിന് സമീപം മൗണ്ടില്‍ കുടില്‍ കെട്ടി താമസിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഏറെ സമയവും വനത്തില്‍ ചിലവഴിക്കുന്ന ഈക്കൂട്ടര്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പുറംലോകത്തെത്തുന്നത്.
പനിബാധിച്ച് ഇരുവരും അവശനിലയിലായതായി തങ്കമ്മയുടെ ചെറുമകന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് പനി കൂടുതലായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: