കെഎസ്ആര്‍ടിസി പെന്ഷന് ആരും ദാനമായി നല്കിയതല്ല, സമരം ചെയ്തു നേടിയതാണ്. നല്ലകാലത്ത് ഒഴുക്കിയ വിയര്‍പ്പിന്റെ വിലയാണത്. പെന്ഷന് കിട്ടാത്തതിന്റെ പേരില്‍ 24 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.
സാമ്പത്തിക പ്രതിസന്ധി അവഗണിച്ച് പെന്ഷന് മുടങ്ങാതെ നല്‍കുക എന്നത് സര്‍ക്കാരിന്റെ മുഖ്യപരിഗണനാ വിഷയമാണ്…” (പറഞ്ഞത് മുഖ്യമന്ത്രി) പരിഗണിച്ച് അഞ്ചാറു മാസമായി പെന്ഷന് കിട്ടാതെ തെരുവിലലയുകയാണ് നാല്പതിനായിരം വൃദ്ധജനങ്ങള്‍. അവരുടെ കണ്ണുനീര് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമാണോ? ”പെന്ഷന് ഏറ്റെടുത്താലും തീരുന്നതല്ല കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍” എന്ന ധനകാര്യമന്ത്രിയുടെ വിപ്ലവവചനങ്ങള് എത്രമാത്രം നിന്ദ നിറഞ്ഞതാണ്.
അതീവഹ്രസ്വമായ ശിഷ്ടജീവിതത്തില്‍ അഷ്ടിമുട്ടാനിട വരരുതെന്ന ഒറ്റ ആഗ്രഹം മൂലം വീണ്ടും വീണ്ടും പെരുവഴിയിലിറങ്ങി പോരാടുന്ന ഒരുകൂട്ടം വൃദ്ധന്മാരുടെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ കാതില്ലാത്ത ഇവരാണോ ജനകീയ ഭരണാധികാരികള്‍? അനന്തമായ വിവേചനത്തിനിരയായിരിക്കുന്ന ഞങ്ങളുടെ ശാപം ഈ നേതാക്കളുടെ തലയില്‍ ഇടിത്തീയാകുമെന്നു തീര്‍ച്ച!
അങ്ങനെ ‘എളുപ്പം ഗുണം പിടിച്ചുകൂട’ എന്ന് അധികൃതര്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും സ്ഥാപനമുണ്ടെങ്കില്‍ അത് കെഎസ്ആര്‍ടിസിയാണ്. ഇച്ഛാശക്തിയില്ലാത്ത ഉദ്യോഗസ്ഥരും സ്വാര്‍ത്ഥലോലുപരായ മന്ത്രിമാരുംകൂടി ഇതിനെ ഒരു പരുവത്തിലാക്കി. ഇപ്പോഴിതാ കോര്‍പ്പറേഷനെ എങ്ങനെ നശിപ്പിക്കാമെന്നും തൊഴിലാളികളെയും പെന്‍ഷന്‍കാരെയും എങ്ങനെ പീഡിപ്പിക്കാമെന്നും ഗവേഷണം നടത്തുകയാണ് ചിലരെന്ന് തോന്നിപ്പോകുന്നു. പിരിഞ്ഞുപോകുന്നവര്‍ക്ക് യഥാസമയം പെന്ഷന് കൊടുക്കുന്നതല്ലേ ഒരു സര്‍ക്കാരിന്റെ കടമ? ഒരു ലക്ഷം കോടിയോളം ആസ്തിയുള്ള ഈ സ്ഥാപനത്തിന് പെന്ഷന് നല്കാന് പണമില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്കല്ലേ? യാതന കാണാനും രോദനം കേള്‍ക്കാനുമുള്ള കണ്ണും ചെവിയും ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇനിയെങ്കിലുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.
സുദര്ശനന് കാട്ടാമ്പള്ളി,
കരകുളം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: