സെഞ്ചൂറിയന്‍: വേഗപിച്ചില്‍ അശ്വിന് തീര്‍ത്ത സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക വീഴുന്നു. മുന്നിരക്കാരുടെതുള്പ്പെടെ മൂന്ന് വിക്കറ്റുകള്‍ ഈ മാന്ത്രികന് പിഴുതെടുത്തതോടെ ആതിഥേയര്‍ രണ്ടാം ടെസ്റ്റില്‍ പിന് സീറ്റിലേക്ക്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ അവര്‍ ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയിലാണ്. നായകന് ഡു പ്ലെ്സിസും (24) മഹരാജും (10) പുറത്താകാതെ നില്ക്കുന്നു.
മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്ക രണ്ടിന് 148 റണ്‍സെന്ന ശക്തമായ നിലയിനിന്നാണ് തകര്‍ച്ചയിലേക്ക് നീങ്ങിയത്.പേസിനെ തുണയ്ക്കുന്ന പിച്ചില്‍ കറങ്ങിതിരിയുന്ന പന്തുകള്‍കൊണ്ട് കെണിയൊരുക്കിയ അശ്വിന് 90 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പാണ്ഡ്യ പങ്കാളിയായ രണ്ട് റൗണ് ഔട്ടുകളും ആതിഥേയര്‍ക്ക് തിരിച്ചടിയായി. അപകടകാരിയായ അംലയും (82) ഡികോക്കുമാണ് ഓടി പുറത്തായത്. ആതിഥേയര്‍ക്ക് മികച്ച തുടക്കമൊരുക്കി സെഞ്ചുറിയിലേക്ക് നീങ്ങിയ മാര്‍ക്രമിനെ (94) അശ്വിന് വീഴ്ത്തി
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ഡി എല്‍ഗാറും മാര്‍ക്രമും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരു ചേര്‍ന്ന്് 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അശ്വിന്റെ കറങ്ങിതിരിഞ്ഞ പന്തില്‍ ബാറ്റ്വച്ച എല്‍ഗാര്‍ വിജയിന്റെ പിടിയിലൊതുങ്ങിയതോടെയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. 31 റണ്‍സാണ് എല്‍ഗാറിന്റെ നേട്ടം. മൂന്നാമനായി ക്രീസിലിറങ്ങിയ അംല മാര്‍ക്രമിനൊപ്പം രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറിയിലേക്ക് നീങ്ങിയ മാര്‍ക്രമിനെ അശ്വിന് കീപ്പര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചതോടെ സ്കോര്‍ രണ്ട് വിക്കറ്റിന് 148 റണ്‍സ്. 150 പന്ത് നേരിട്ട മാര്‍ക്രത്തിന്റെ ബാറ്റില്‍നിന്ന് പതിനഞ്ച് ഫോറുകള്‍ പിറന്നു.
ആദ്യ ടെസ്റ്റിലെ മികവുമായി ഇറങ്ങിയ എബി ഡിവില്ലിയേഴ്സിന് ഏറെ സമയം പിടിച്ചുനില്‍ക്കാനായില്ല. തട്ടിയും മുട്ടിയും 20 റണ്‍സ് കുറിച്ച ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് ഇയാന്‍ ശര്‍മയുടെ പേസില്‍ ഇളകിയാടി. അര്‍ധശതകവും കടന്ന് മുന്നേറിയ അംല പാണ്ഡ്യയുടെ അളന്നുമുറിച്ചുള്ള ത്രോയില്‍ റണ്‍ ഔട്ടായി.പതിനാല് ഫോറുകളുടെ അകമ്പടിയില്‍ അംല 82 റണ്‍സ് സ്വന്തം പേരിലെഴുതി. ഡികോക്കും ഫിലാന്‍ഡറും വന്നതുപോലെ മടങ്ങി. ഇരുവര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. അശ്വിന്റെ പന്തില്‍ ഡികോക്കിനെ കോഹ്ലി പിടിച്ചു പുറത്താക്കി. ഫിലാന്‍ഡര്‍ റണ്‍ഔട്ടായി.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം കെ. എല്‍ രാഹുലിനെയും ഭുവന്വേശര്‍ കുമാറിന് പകരം ഇയാന്‍ ശര്‍മയേയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം പാര്‍ത്ഥിവ് പട്ടേലിനെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. അജിങ്ക്യ രഹാനയ്ക്ക് രണ്ടാം ടെസ്റ്റിലും പുറത്തിരിക്കേണ്ടിവന്നു. പരിക്കേറ്റ പേസര്‍ ഡെയ്ല്‍ സ്റ്റെയിനെ കൂടാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: