കൊച്ചി: പുതിയ കോച്ചും പുത്തന്‍ തന്ത്രങ്ങളുമായി സീസണിലെ രണ്ടാം എവേ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ദല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് രണ്ടാം വിജയം നേടിയത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടാകും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കോച്ച് ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനെ മൈതാനത്ത് കൃത്യമായി വിനിയോഗിച്ചതുമാണ് ബ്ലാസ്റ്റേഴ്സ് വിജയത്തില്‍ നിര്‍ണായകമായത്. ഹാട്രിക്കുമായാണ് ഹ്യൂം മൈതാനത്ത് നിറഞ്ഞുകളിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്ന ഹ്യൂമിന്റെ വ്യക്തിഗത മികവിന് ഉദാഹരമാണ് അവസാന രണ്ട് ഗോളുകളും. ഡേവിഡ് ജെയിംസിന് ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വലിയ കാര്യം തന്നെയാണ്.
എന്നാല്‍ ആധികാരിക ജയമായിരുന്നോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഡൈനാമോസിനേക്കാള് ഏറെ പിന്നിലായിരുന്നു ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ്. ഗോള്‍ കീപ്പര്‍ സുഭാശിഷ് റായിയുടെ മിന്നുന്ന പ്രകടനമില്ലായിരുന്നെങ്കില്‍ ദല്‍ഹിയോടും ബ്ലാസ്റ്റേഴ്സ് എട്ടുനിലയില്‍ പൊട്ടിയേനെ എന്നതാണ് യാഥാര്‍ത്ഥ്യം. കളിയില്‍ 58 ശതമാനം പന്ത് നിയന്ത്രിച്ചുനിര്‍ത്തിയത് ദല്‍ഹി. ലക്ഷ്യത്തിലേക്കും അല്ലാതെയുമായി അവര്‍ മത്സരത്തില്‍ ആകെ പായിച്ചത് 14 ഷോട്ടുകള്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തത് ആകെ ആറെണ്ണം. ആറ് കോര്‍ണറുകള്‍ ദല്‍ഹിക്ക് ലഭിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒന്നുംപോലും കിട്ടിയില്ല.
4-2-3-1 ശൈലിയില്‍ ഇയാന്‍ ഹ്യൂമിനെ സ്ട്രൈക്കറായി ഇറക്കിയപ്പോള്‍ സിഫ്നിയോസിന് പകരക്കാരുടെ ബെഞ്ചിലേക്ക് മാറേണ്ടിവന്നു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ ശൈലി 4-4-2 എന്നതായി. ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ ബെര്‍ബറ്റോവിന് പകരം സിഫ്നിയോസ് കളത്തിലെത്തുകയും ചെയ്തു.
മുന്‍ മത്സരങ്ങളിലെന്ന പോലെ മധ്യനിരയുടെ പ്രകടനം തീര്‍ത്തും മോശം. മധ്യനിര മോശമായതോടെ പ്രതിരോധനിരക്ക് പണി കൂടുതല്‍ എടുക്കേണ്ടിവന്നു. വിങ്ങുകളില്‍ക്കൂടിയുള്ള ആക്രമണം നടത്തേണ്ടതും അതിവേഗത്തില്‍ പിന്നോട്ടിറങ്ങി പ്രതിരോധം തീര്‍ക്കേണ്ടിയും വന്നത് ജിങ്കന് ഉള്‍പ്പെട്ട പ്രതിരോധത്തിലും വിള്ളല്‍ വീഴ്ത്തി. എതിറര് മുന്നേറ്റങ്ങള്‍ തുടക്കത്തിലേ പൊളിക്കുകയും അതിനൊപ്പം മികച്ച ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയുമാണ് മധ്യനിരയുടെ പ്രധാനപണി. എന്നാല്‍ ഈ കാര്യത്തില്‍ ദല്‍ഹിക്കെതിരെയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എന്നാല്‍ ഇതില്‍
പൂനെ സിറ്റിക്കെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി മിന്നിത്തിളങ്ങിയ ഉഗാണ്ടക്കാരന്‍ കിസിറോണ്‍ കിസിറ്റോയ്ക്ക് ദല്‍ഹിക്കെതിരെ ആ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ ടീം താരത്തിലര്‍പ്പിച്ച അമിത വിശ്വാസം കിസിറ്റോയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാകാം. അത് കിസിറ്റോയുടെ കളിയിലും പ്രതിഫലിച്ചു. ബെര്‍ബറ്റോവ് തീര്‍ത്തും നിറം മങ്ങുകയും ചെയ്തു. ഇതുവരെ ഒരു മത്സരത്തില്‍ പോലും ബെര്‍ബക്ക് പെരുമക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. പ്രതാപകാലത്ത് ലോകത്തിലെ മികച്ച സ്ട്രൈക്കറായിരിന്നു ബെര്‍ബ എന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ 38-ാം വയസ്സിലെത്തിനില്‍ക്കുന്ന ബള്‍ഗേറിയന്‍ സസൂപ്പര്‍ താരം പ്രതാപകാലത്തിന്റെ നിഴലിലാണ്. 90 മിനിറ്റ് പോയിട്ട് 45 മിനിറ്റ് പോലും മികച്ച രീതിയില്‍ കളിക്കാനുള്ള സ്റ്റാമിനയൊന്നും ബെര്ബക്കില്ലെന്ന് കളി വിദഗ്ദ്ധര്‍ വിലയിരുത്തിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ എന്തിന് ബെര്‍ബയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണം. ബെര്‍ബയ്ക്കൊപ്പം ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എത്തിയ സിയാം ഹംഗലും കളിമെനയാന്‍ കഴിയാതെ ഉഴറി നടക്കുകയായിരുന്നു പലപ്പോഴും. ഇതോടെയാണ് പ്രതിരോധത്തിന് പണിയിരട്ടിച്ചത്. അങ്ങനെ പ്രശ്നങ്ങള്‍ ഇപ്പോഴും ടീമില്‍ നിരവധിയാണ്. അതേസമയം മുന്‍ മത്സരങ്ങളില്‍ നിറംമങ്ങിയ കറേജ് പെക്കൂസണ് മനമറിഞ്ഞ് കളിച്ചു.
എന്തായാലും ജെയിംസിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും ആശ്വസിക്കാം. ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതില്‍. പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 14ന് മുംബൈയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ബ്ലാസ്റ്റേഴ്സ് വിജയം തുടരുമെന്ന് പ്രതീക്ഷിക്കാം.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: