കുമ്പളം(കൊച്ചി): സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടിയ നിലയില്‍ കണ്ടെത്തി. തലകീഴായി കൈകാലുകള്‍ മടക്കി കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഇട്ട് വീപ്പ നിറച്ചിരിക്കുകയായിരുന്നു. കുമ്പളം ടോള്‍ പ്ലാസയ്ക്കുസമീപം ദേശീയപാതയോടും കായലിനോടും ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലെ വീപ്പയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട്.
മൃതദേഹം പൂര്‍ണ്ണമായും ദ്രവിച്ചു. തലയോട്ടിയും അസ്ഥികളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് സ്ത്രീയുടേതെന്ന നിഗമനത്തിലെത്തിയത്.
ആലപ്പുഴ പാംഫൈബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെതാണ് ആറേക്കര്‍ ഭൂമി. കഴിഞ്ഞ ഡിസംമ്പറില്‍ വസ്തുവിലെ കാന മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നതായി ജനറല്‍ മാനേജര്‍ ഔസേപ്പച്ചന് പറഞ്ഞു. അതിരിനോട് ചേര്‍ന്ന് കായലില്‍ കുത്തി നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയ വീപ്പ മണ്ണുമാന്തിയുടെ ഡ്രൈവര്‍ ജയ്സണ്‍ കമ്പനിയുടെ ഭൂമിയിലേക്ക് എടുത്ത് വച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി വീപ്പ ഇവിടെ ഇരിക്കുന്നു.
രണ്ട് മാസം മുമ്പ് നെട്ടൂര്‍ കായലില്‍ ചാക്കില്‍ കോണ്‍ക്രീറ്റ് കട്ടയോടൊപ്പം കെട്ടിത്താഴ്ത്തിയ പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. കുമ്പളത്ത് വീപ്പയില്‍ കണ്ട കോണ്‍ക്രീറ്റ് കട്ടയും നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോണ്‍ക്രീറ്റ് കട്ടയും സാമ്യമുണ്ടെന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച പോലീസില്‍ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ പനങ്ങാട് പോലീസ് സ്ഥലത്തെത്തി വീപ്പയിലെ കോണ്‍ക്രീറ്റ്കട്ട പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തോടൊപ്പം രണ്ട് അഞ്ഞൂറ് രൂപ നോട്ടുകളും, ഒരു നൂറ് രൂപ നോട്ടും ലഭിച്ചു. മൃതദേഹം കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനം, സിവിസിസി കോണ്‍ക്രീറ്റ് മിക്സിംഗ് കമ്പനി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡിസിപി ആര്. കറുപ്പ്സാമി, എസിപിമാരായ ജി.ഡി. വിജയകുമാര്‍, പി.പി. ഷംസ്, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: