ഇടുക്കി: മൂന്നാര്‍ കടലാര്‍ തേയില എസ്റ്റേറ്റില്‍ നിന്നും ആറുവയസുകാരനെ കാണാതായി നാലു ദിവസം പിന്നിട്ടിട്ടും പോലീസിന് തെളിവ് ലഭിച്ചില്ല. കുട്ടിയെ കണ്ടെത്തുന്നതിന് ഇന്നലെ ഇടുക്കിയില്‍ നിന്നും ഡോഗ് സ്ക്വാഡിനെ എത്തിച്ച് മേഖലയില്‍ പരിശോധന നടത്തി.
എസ്റ്റേറ്റിലെ തൊഴിലാളിയും അസം സ്വദേശിയുമായ നൂര്‍ മുഹമ്മദിന്റെ മകന് നൂറുദ്ദീനെയാണ് ഞായറാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.
കുട്ടിയുടെ അച്ഛനും അമ്മയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കുട്ടിയെ കാണാതായതിന് ശേഷം അച്ഛനും അമ്മയും ഒരു ദിവസം പോലും അന്വേഷണത്തിന് ഇറങ്ങാത്തതും സംശയം ജനിപ്പിക്കുന്നു. കൂടാതെ കുട്ടിയുടെ ഫോട്ടോ ഇല്ലാത്തതും അന്വേഷണത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. വന്യമൃഗശല്യമുള്ള മേഖലയില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ കണ്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.
പരിശോധനയ്ക്കെത്തിയ നായ അല്പം ദൂരം തേയിലക്കാട്ടിലൂടെ അലഞ്ഞെങ്കിലും തിരികെ പോരുകയായിരുന്നു. അച്ഛനും അമ്മയും കുട്ടിയെ പണത്തിനായി വിറ്റതായും വാങ്ങിയവര്‍ നാടുവിട്ടെന്നുമാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: