കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ പാതിരി സമിതിയോഗം സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിയതില്‍ എതിര്‍പ്പ് രൂക്ഷം. ചരിത്രത്തില്‍ ആദ്യമായാണ് യോഗം മാറ്റുന്നതെന്ന് പാതിരിമാര്‍ വിമര്‍ശിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തിനെത്താതിരിക്കാന്‍ ബലപ്രയോഗം നടത്തിയ മൂന്നുപേര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ആലഞ്ചേരിയെ തടഞ്ഞവരെ അല്‍മായ പ്രതിനിധികളായി കണക്കാക്കാനാവില്ലെന്നും മൂന്ന് വ്യക്തികള്‍ മാത്രമാണ് അവരെന്നുമാണ് പാതിരിമാരില്‍ ചിലര്‍ വിമര്‍ശിച്ചത്.
രൂപതയിലെ 458 പ്രതിനിധികളില്‍ നിന്നുള്ള 57 പേരടങ്ങുന്നതാണ് പാതിരി സമിതി. 130 വര്‍ഷത്തിനിടെ ആദ്യമായാണ് സമിതിയുടെ യോഗം മാറ്റുന്നത്. യോഗം തുടങ്ങേണ്ട സമയമായപ്പോള്‍ പാതിരി സമിതി സെക്രട്ടറി കര്‍ദ്ദിനാളിനെ ക്ഷണിക്കാന്‍ മുറിയില്‍പ്പോയി. എന്നാല്‍, വി.വി. അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാലായില്‍ എന്നിവര്‍ കര്‍ദ്ദിനാളിനെ യോഗത്തില്‍ പങ്കെടുക്കാതിരിപ്പിക്കാന്‍ മുറിയില്‍ തടഞ്ഞുവെയ്‌ക്കുകയായിരുന്നുവെന്നാണ് പാതിരി സമിതി വിമര്‍ശിച്ചത്.
സഹായ മെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും സമിതിയിലെ സീനിയര്‍ പാതിരിമാരും കര്‍ദ്ദിനാളിന്റെ മുറിയിലെത്തി യോഗം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ഈ സമയമാണ് സമിതിയോഗം മാറ്റിവെച്ചതായി കാട്ടി രേഖാമൂലം കര്‍ദ്ദിനാള്‍ അറിയിപ്പ് നല്‍കിയത്. അല്‍മായരുടെ ഒരു സംഘം യോഗത്തിലേക്ക് വരുന്നത് തടയാനായി തന്നെ ബലംപ്രയോഗിച്ച് തടസ്സപ്പെടുത്തിയെന്നാണ് കര്‍ദ്ദിനാള്‍ കുറിച്ചത്. കര്‍ദ്ദിനാള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നു. അത് നടക്കാതെ പോയതില്‍ സമിതിക്ക് ഖേദമുണ്ടെന്ന് സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.
















