തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇത്തവണ മുതല്‍ ട്രോഫി സമ്മാനിക്കും. അപ്പീലുകള്‍ ഒഴിവാക്കുന്നതിനു പകരം പരാതികള്‍ ഒഴിവാക്കാനാണ് നീക്കം. രണ്ട് തവണ തുടര്‍ച്ചയായി വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് പുതിയ പാനല്‍ തയാറാക്കിയതെന്നും മന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും കൂടി ഇത്തവണ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. വിധികര്‍ത്താക്കളെ നിരീക്ഷിക്കുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തി. കലോത്സവ വേദികളെ ബന്ധിപ്പിച്ച് സര്‍ക്കുലര്‍ ബസ് സര്‍വീസും ഒരുക്കി. തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കലോത്സവ സ്റ്റാമ്പ് പുറത്തിറക്കും. മികച്ച കലാപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റും ആരംഭിക്കും- മന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടര്‍ ഡോ.എ. കൗശികന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















