മട്ടാഞ്ചേരി: കൊച്ചി തുറമുഖം വഴി ഇലക്ട്രോണിക് മാലിന്യം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം ഒന്‍പതുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും മൂന്ന് ഓഫീസുകളിലും കൊല്‍ക്കത്തയിലെ ഇറക്കുമതി സ്ഥാപനത്തിലെ മൂന്ന് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയ ശേഷമാണ് സിബിഐയുടെ നടപടി.
കസ്റ്റംസ് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ജിമ്മി ജോസഫ്, കസ്റ്റംസ് കമ്മീഷണര്‍ ആര്. രതീഷ്, മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്ത കൊല്‍ക്കത്ത കമ്പനി എംഡി കേദന് കാംതര് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉപയോഗിച്ച് തള്ളിയ ഫോട്ടോ കോപ്പി ഉപകരണങ്ങളാണ് കൊച്ചിയിലേക്ക് ഇറക്കുമതി ചെയ്തത്. 100 കോടി രൂപയുടെ ഇടപാടായിരുന്നു.
കൊല്‍ക്കത്തയിലെ അതുല്‍ ഓട്ടോമേഷന്‍ ആന്‍ഡ് പരാഗ് ഹോം അപ്ലയന്‍സസ് എന്ന സ്ഥാപനത്തിനായിരുന്നു ഇറക്കുമതിക്കരാര്‍. തെറ്റായ മേല്‍വിലാസത്തില്‍ വിവിധ ഏജന്‍സികളുടെ പേരിലായിരുന്നു ഇറക്കുമതി. ഇറക്കുമതി ചെയ്ത 8000 ഫോട്ടോ കോപ്പിയര്‍ മെഷിനുകളില്‍ 3000 എണ്ണവും ഉപയോഗശൂന്യമായിരുന്നു. ഗൂഢാലോചന, വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഇ- മാലിന്യങ്ങള്‍ ഉപയോഗപ്രദമാണെന്നു സാക്ഷ്യപ്പെടുത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. വിവാദമായതോടെ തുറമുഖത്ത് ഇറക്കിയിരിക്കുന്ന മാലിന്യശേഖരം തിരിച്ചയക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: