കൊല്ലം: യുവജനകമ്മീഷന് അധ്യക്ഷയുടെ ചുമതല വഹിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാതെ പാര്‍ട്ടിയെ കൈപ്പിടിയിലാക്കാനുള്ള ചിന്താജെറോമിന്റെ നീക്കത്തിനെതിരെ സിപിഎം കൊല്ലം ഘടകത്തില്‍ അമര്‍ഷം. ലോക്കല്കമ്മിറ്റിയംഗമായിരുന്ന ചിന്ത പിന്നീട് ഏരിയയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ജില്ലാ സമ്മേളനത്തിലേക്കും പ്രതിനിധിയായി എത്തുമെന്നാണ് സൂചന. നാളെയാണ് ജില്ലാസമ്മേളനം ആരംഭിക്കുന്നത്.
ജില്ലയിലെ മറ്റ് ഏരിയാ കമ്മിറ്റികളിലെ അംഗസംഖ്യ വര്‍ധിപ്പിച്ചെങ്കിലും കൊല്ലത്തെ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തിയിരുന്നില്ല. ജില്ലാകമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റ്, കൊല്ലം വെസ്റ്റില്‍ നിന്നുള്ള സഹദേവന് എന്നിവര്‍ ഒഴിവാകുകയായിരുന്നു. അന്തരിച്ച ബേബി ചാക്കോയുടേത് അടക്കമുള്ള മൂന്ന് ഒഴിവുകളിലേക്ക് ചിന്താ ജെറോമിന് പുറമെ ടൗണ്വെസ്റ്റില് നിന്ന് എം.വിശ്വനാഥന്, ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കുഞ്ഞുമോന് എന്നിവരാണ് പുതുതായി എത്തിയത്.
വലിയ തുക പ്രതിമാസം കൈപ്പറ്റുന്ന ചിന്താജെറോം പാര്‍ട്ടിയിലെ ശക്തരായ നേതാക്കളുടെ നോമിനിയായിട്ടാണ് ആധിപത്യം സ്ഥാപിക്കുന്നത്. കമ്മീഷനുകളുടെ പദവി വഹിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗികവേദികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് ചിന്ത സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിപിഎം നേതാക്കളായ മനുഷ്യാവകാശ കമ്മിഷന്, വനിതാകമ്മിഷന് അധ്യക്ഷരും അംഗങ്ങളും രാഷ്ട്രീയരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാനനേതൃത്വം യൂത്ത് കമ്മിഷന് അധ്യക്ഷക്ക് നിയമവിരുദ്ധമായ പിന്തുണ നല്‍കുന്നതെന്നാണ് പരാതി.
മൂന്നു ദിവസത്തെ സമ്മേളനത്തില്‍ കൊല്ലത്ത് നിന്നുള്ള പിണറായി പക്ഷക്കാരായ നേതാക്കള്‍ക്കെതിരെ കാര്യമായ വിമര്‍ശനത്തിന് സാധ്യതയില്ല. ഭൂരിഭാഗവും ഔദ്യോഗികവിഭാഗത്തിന് അടിയറവ് പറഞ്ഞ സാഹചര്യത്തിലാണിത്. വി.എസ്.പക്ഷക്കാരനായിരുന്ന പി.കെ.ഗുരുദാസനും അനുകൂലികളും രംഗത്തുണ്ടെങ്കിലും കാര്യമായി ശബ്ദിക്കില്ലെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: