മലപ്പുറം: വയനാട്ടിലെ ജൈനക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ന്ന കേസിന്റെ അന്വേഷണം വിദേശത്തേക്ക് . 2002 ഡിസംബര്‍ 13ന് നടന്ന സംഭവത്തിലെ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് പ്രധാന വിഗ്രഹങ്ങളുമായി കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയില്‍ അറസ്റ്റിലായിരുന്നു.
കിഴിശ്ശേരി ആക്കപ്പറമ്പ് മാരത്തില്‍ വീട്ടില്‍ മുഹമ്മദ് (41), ആക്കപ്പറമ്പ് പുളിയക്കോട് വട്ടക്കണ്ടത്തില് വീട്ടില്‍ സുകുമാരന്‍ (ബാബു45), കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദാലി (43), കൊണ്ടോട്ടി നീറാട് ഇളക്കുത്ത് വീട്ടില്‍ ജൈസല്‍ (35) എന്നിവരാണ് പിടിയിലായത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനായ കൊണ്ടോട്ടി നീറാട് സ്വദേശി അബൂബക്കര്‍(45) മറ്റ് കേസുകളില്‍ പ്രതിയായി ഇപ്പോള്‍ മാനന്തവാടി ജയിലിലാണ്.
മോഹവിലയുള്ളതിനാല് ചില രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുമായി സംഘം ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് അഞ്ചു പവന് സ്വര്‍ണ്ണാഭരണവും പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രത്തില്‍ നിന്ന് എട്ടു പവന് സ്വര്‍ണ്ണാഭരണവും മോഷണം പോയിരുന്നു. ഈ കേസുകളിലും പിടിയിലായവര്‍ക്ക് പങ്കുണ്ട്.
മലപ്പുറം എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിഗ്രഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവ വില്‍ക്കുന്നതിനായി മുറിച്ചു കഷണങ്ങളാക്കുകയും ഉരുക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. പറമ്പില്‍ കുഴിച്ചിട്ടും വീടിനുള്ളില്‍ ഒളിപ്പിച്ചുമാണ് ഇത്രയും കാലം വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: