തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍ പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദത്തിന് ബലം പകരാനാണ് പേര് മാറ്റമെന്നും അജയ് തറയില്‍ പറഞ്ഞു.
അതേസമയം ശബരിമലയുടെ പേര് ശ്രീധര്‍മ ശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. പേര് മാറ്റുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയുടെ പേര് അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും. അതുകൊണ്ടു തന്നെ ആ പേര് മാറ്റിയത് ഉചിതമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
















