തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറെ നിര്‍ബന്ധപൂര്‍വം പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന സഹ ഡോക്ടര്‍. വിഷമിച്ചിരുന്ന രോഗിയെയും കാണാം-( ചിത്രം വി. വി. അനൂപ്)
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ബന്ദിനോട് അനുബന്ധിച്ച് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എത്ര ന്യായമായ ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ മുന്‍പിലെത്തുന്നവരുടെ ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ ചികിത്സിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സഹ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സമരത്തിനു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
രോഗി കരഞ്ഞ് പറഞ്ഞപ്പോള്‍ ചികിത്സിക്കാന്‍ തയ്യാറായ ഡോക്ടറെ അതിന് അനുവദിക്കാതെ സഹപ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ആശുപത്രിക്കു മുന്നില്‍ സമരം നടത്താനായിരുന്നു വനിതാ ഡോക്ടറെ കൂട്ടിക്കൊണ്ടുപോയത്.
















