പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രം എന്ന പേരുമാറ്റി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. നൂറ്റാണ്ടുകളായ പേരാണ് മുന്‍ ബോര്‍ഡ് മാറ്റിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ഫയല്‍ പരിശോധിച്ചു, യോദ്ധാവായ അയ്യപ്പന് ശബരിമലയില്‍ വച്ചാണ് ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിച്ചതെന്നാണ് ഇതില്‍. അതിനാല്‍ ഇത് അയ്യപ്പ ക്ഷേത്രമാണെന്നാണ് അനുമാനം. രാജ്യത്ത് അയ്യപ്പക്ഷേത്രങ്ങള്‍ വേറേയില്ല. മറ്റുള്ളതെല്ലാം ശാസ്താ ക്ഷേത്രങ്ങളാണെന്നാണ് ഫയലില്‍. ആ വാദം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനം എന്താണോ അത് നടപ്പാക്കും. പഴയ തീരുമാനങ്ങള്‍ റദ്ദാക്കും. എ. പത്മകുമാര്‍ പറഞ്ഞു.
ബോര്‍ഡ് തീരുമാനങ്ങള്‍ മാറ്റാന്‍ പുതിയ ബോര്‍ഡിന് അധികാരമുണ്ടെന്ന് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. ശബരിമല ക്ഷേത്രത്തില്‍ പത്തുവയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ള യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നിലനില്‍ക്കുന്ന കേസ്സിനോട് അനുബന്ധിച്ചാണ് ക്ഷേത്രത്തിന്റെ പേരുമാറ്റം ഉണ്ടായത്. ശബരിമലയിലേത് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനാണെന്നും അതിനാല്‍ ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമിക്ഷേത്രം എന്ന് മാറ്റാനുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായ ദേവസ്വംബോര്‍ഡ് യോഗ തീരുമാനം.
















