നെടുമ്പാശേരി: കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര രാജ്യാന്തര വിമാനത്താവളത്തിലെ കൊക്കെയ്ന്‍ വേട്ടയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെത്തി നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് ഫിലിപ്പീന്‍സുകാരി ജോന നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ പിടിയിലായത്. മയക്കു മരുന്ന് കൊണ്ടു വന്നത് കൊച്ചിയിലേക്കുള്ള ഹോട്ടലിലേക്കായിരുന്നു.
ഇടനിലക്കാരിയായ ജോനായ്ക്ക് വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ജൊഹാനയ്ക്ക് ബ്രസീലില്‍ നിന്ന് വാട്ട്സ് ആപ്പ് സന്ദേശം എത്തിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 4.75 കിലോ കൊക്കെയ്നാണ് ഇവരിൽനിന്ന് പിടികൂടിയത്. രാജ്യാന്തര വിപണിയിൽ 25 കോടിയിലേറെയാണ് ഇതിന്വില കണക്കാക്കുന്നത്.
ബ്രസീലിലെ സാവോപോളോയില്‍ നിന്ന് അഡിസ് അബാബയിലേക്കും പിന്നീട് മസ്ക്കറ്റിലുമെത്തിയ യുവതി ഒമാന്‍ എയര്വേയ്സില് നെടുമ്പാശ്ശേരിയിലെത്തുകയായിരുന്നു. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. പ്രത്യേകം പൊതിഞ്ഞ ട്രോളി ബാഗിനുള്ളില്‍ നിന്നാണ് കൊക്കെയ്ന്‍ കണ്ടെടുത്തത്. ഇവർ ആർക്കുവേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നും ആരെങ്കിലും മയക്കുമരുന്ന് ഏറ്റുവാങ്ങാൻ വിമാനത്താവള പരിസരത്ത് എത്തിയിരുന്നോ എന്നും മനസ്സിലാക്കാൻ ഇവരെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
നവംബര്‍ 21ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പരാഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെര്ണാണ്ടസില് നിന്ന് 12 കോടിയുടെ കൊക്കെയ്ന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയിരുന്നു.
















