തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ 4,497 ജീവനക്കാരില്‍ ആദ്യ ദിനം രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍. 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര്‍ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്. പത്ത് മണിക്ക് മുന്‍പ് തന്നെ പഞ്ച് ചെയ്ത് പലരും ജോലിയില്‍ പ്രവേശിച്ചു. സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ചെയ്യാനെത്തിയവരുടെ നീണ്ട നിരയും ഉണ്ടായി. എന്നാല്‍ ആദ്യ ദിവസം തന്നെ മെഷീന്‍ കേടായത് കാരണം പലര്‍ക്കും പഞ്ചിങ്ങ് സമയത്ത് ചെയ്യാന്‍ കഴിഞ്ഞില്ല. ഐഎഎസുകാര്‍ക്ക് പോലും ഒഴിവില്ലായിരുന്നു. നിര്‍ദിഷ്ട സമയം ജോലി ചെയ്തില്ലെങ്കില്‍ അച്ചടക്ക നടപടിയും ശമ്പളം കുറയ്‌ക്കലും ഉണ്ടാകുമെന്നതിനാല്‍ മനസ്സില്ലാമനസ്സോടെയെങ്കിലും അനുസരിച്ചു.
ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ പരിഹരിക്കാനാണ് നടപടി. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്വെയറുമായി പഞ്ചിങ് ബന്ധപ്പെടുത്തും. ഹാജര്‍ കൃത്യമല്ലെങ്കില്‍ ജിവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.
താമസിച്ച് വരുന്നവര്‍ക്ക് ശമ്പളം നഷ്ടപ്പെടുമ്പോള്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടൂുതല്‍ ശബളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ലീവ് അനുവദിക്കാമെന്നാല്ലാതെ ശമ്പളം കുറയ്‌ക്കാന്‍ നിയമമില്ലെന്നും കേസിനുപോയാല്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്നുമാണ് ഇവരുടെ നിലപാട്.
















