
ഇരിട്ടി: പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ കരിങ്കല്ലുകളും ചെങ്കല്ലുകളും നിരത്തി തകര്‍ന്ന റോഡിനെതിരെ പ്രതിഷേധം. കിഴൂര്‍ ഇരിട്ടി ഹൈസ്‌കൂള്‍ വഴി താലൂക്ക് ആശുപത്രിയിലേക്കും നേരമ്പോക്കിലേക്കും വരുന്ന റോഡിലാണ് പ്രതിഷേധക്കാര്‍ കരിങ്കല്ലുകളും ചെങ്കല്ലുകളും മറ്റും നിരത്തി ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഞായറാഴ്ച രാത്രിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ യാണ് ഇത് ചെയ്തതെന്നാണ് അനുമാനം. രാവിലെ ഇതുവഴിയെത്തിയ വാഹനയാത്രക്കാരാണ് റോഡില്‍ കല്ലുകള്‍ നിര്‍ത്തിയിട്ടു തടസ്സം സൃഷ്ടിച്ചിരിക്കുന്നതായി കണ്ടത്.
കീഴൂരില്‍ നിന്നും ഹൈസ്‌കൂളിലേക്കുള്ള കുത്തനെയുള്ള കയറ്റത്തില്‍ റോഡ് തകര്‍ന്ന് കിടക്കുന്നതു മൂലം ഇതുവഴി വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് യാത്ര നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കാലവര്‍ഷാരംഭത്തിലായിരുന്നു ഈ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തി നടത്തിയിരുന്നത്. ടാറിംഗ് കഴിഞ്ഞ ഉടനെ മഴ പെയ്തതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂള്‍ കയറ്റത്തിലെ റോഡിലെ ടാറിംഗ് മുഴുവന്‍ കുത്തിയൊഴുകിപ്പോവുകയും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തു. റോഡ് വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാനായി കരാര്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരനായില്ല. ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമായി തുടരവേ ആണ് പ്രതിഷേധക്കാര്‍ റോഡില്‍ കല്ലുകള്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തിന് പുതുവത്സര രാത്രി തിരഞ്ഞെടുത്തത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, വാര്‍ഡ് കൗണ്‍സില്‍ പി.രഘു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ എന്നിവര്‍ സ്ഥലത്തെത്തി കല്ലുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
















