കൊല്‍ക്കത്ത: മുത്തലാഖിനെതിരെ പോരാടിയവരില്‍ ഒരാളായ ഇഷ്‌റത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് ജനറല്‍ സെക്രട്ടറിയായ സയന്തന്‍ ബസുവാണ് ഈ കാര്യം അറിയിച്ചത്. ബിജെപിയുടെ ഹൗറാ ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് ഇഷ്‌റത്ത് ചേര്‍ന്നതെന്നും ബസു അറിയിച്ചു.
മുത്തലാഖ് വിഷയത്തില്‍ താന്‍ ബിജെപി നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇഷ്‌റത്ത്് ജഹാന്‍ പറഞ്ഞു.
ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോകെത് ചാറ്റര്‍ജിയാണ് ഇഷ്‌റത്ത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇഷ്‌റത്ത് ജഹാന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ലോകെത് ചാറ്റര്‍ജി പറഞ്ഞു. അതേസമയം ചരിത്രപരമായ തീരുമാനത്തിന് തുടക്കം കുറിച്ച ഇഷ്‌റത്ത് ജഹാന് വേണ്ട പരിഗണന നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് ഇഷ്‌റത്തിനെ ലോകെത് ചാറ്റര്‍ജി അഭിനന്ദിച്ചു.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇഷ്‌റത്ത് പറയുന്നു. താന്‍ കൂടുതല്‍ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയയായെന്നും അവര്‍ പറഞ്ഞു. ചിലര്‍ താന്‍ ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് കരുതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി.
ബംഗാള്‍ സ്വദേശിനിയായ ഇഷ്‌റത്തിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍നിന്ന് ഫോണില്‍വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാല്‍ ഈ മൊഴിചൊല്ലല്‍ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇഷ്‌റത്ത് കോടതിയെ സമീപിക്കുകയായിരുന്നു.
















