കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ജനങ്ങളെ ആശങ്കയിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിസന്ധി മറച്ചുവെച്ച ധനമന്ത്രി തോമസ് ഐസക്കിന്റെയും തട്ടിപ്പ് പുറത്തായി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറി എന്ന വാദവുമായി ഐസക്ക് ഇന്നലെ രംഗത്തെത്തി. എന്നാല്‍, മുഖ്യമന്ത്രിയെ ഐസക്ക് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന വാദവുമായി മുഖം രക്ഷിക്കാന്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ശ്രമം ആരംഭിച്ചു.
കുറച്ചുകാലമായി ഔദ്യോഗിക പക്ഷത്ത് നിന്ന് അകന്ന് നില്‍ക്കുന്ന ഐസക്കിനെ വെട്ടാനുള്ള മാര്‍ഗ്ഗമായാണ് ചിലര്‍ ഇതിനെ കാണുന്നത്. ഇന്നലെ ഫെയ്‌സ് ബുക്കില്‍ ധനമന്ത്രി കുറിച്ച വിശദീകരണമാണ് ഔദ്യോഗിക പക്ഷം ആയുധമാക്കുന്നത്. ധനമന്ത്രിയുടെ സാന്നിധ്യത്തിലാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ കാഠിന്യം ഐസക്ക് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് ആരോപണമുയരുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഐസക്കിന്റെ ശ്രമങ്ങള്‍ക്കും വീഴ്ചയുണ്ടായി. വിവിധ വകുപ്പുകളില്‍ തുക ചെലവഴിക്കാതെ കെട്ടിക്കിടന്നതുമൂലം പണം കടമെടുക്കുന്നതിന് കേന്ദ്രം തടസ്സം ഉന്നയിച്ചിരുന്നു. പിന്നീട് കണക്ക് ക്രമപ്പെടുത്തി നല്‍കിയതോടെയാണ് 6100 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഇത് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഐസക്കിന്റെ പരാജയമായിട്ടാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നത്.
എന്നാല്‍, ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഐസക് എഫ്ബി പേജിലൂടെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചതിന്റെ കാരണം വിശദമാക്കി പോസ്റ്റിട്ടതെന്നാണ് സൂചന. ‘ഒരുവര്‍ഷം സംസ്ഥാന സര്‍ക്കാറിന് കടമെടുക്കാവുന്ന പരിധി 20,000 കോടി രൂപയാണ്. ഓണം കഴിഞ്ഞപ്പോള്‍ 14,000 കോടി രൂപ കടമെടുത്തു.
എന്നാല്‍, ആറായിരം കോടി രൂപ വായ്‌പ എടുക്കുന്നത് കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വര്‍ഷം വായ്‌പ എടുക്കാനേ കഴിയില്ലെന്ന അവസ്ഥയുണ്ടായി. നാട്ടില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാക്കരുതെന്ന് കരുതിയാണ് ഇത് തുറന്ന് പറയാതിരുന്നതെന്നാണ് ഐസക് എഫ്ബി പേജിലൂടെ വ്യക്തമാക്കിയത്. അതാണ് സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം ആര്‍ക്കും മനസ്സിലാകാതെ പോയത്.’ ഐസക്കിന്റെ ഈ മറുപടി മുഖ്യമന്ത്രിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് പര്യാപ്തമായ കാരണമായി കണക്കാക്കാനാവില്ലെന്ന വാദമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.
അനധികൃതമായി വായ്‌പയെടുത്തു എന്ന് പറയുന്ന പണം ഉത്തരവ് വഴി റദ്ദാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 6100 കോടി രൂപ കടമെടുക്കാന്‍ അനുമതിയായത്. ഇത് തന്റെ നേട്ടമായാണ് ഐസക് സ്വയം വിശേഷിപ്പിക്കുന്നത്. ഇതും പാര്‍ട്ടിയിലെ ചിലരുടെ അപ്രീതിക്ക് ഇടയാക്കി. ഏറെക്കാലമായി പാര്‍ട്ടിയില്‍ അനഭിമതനായി തുടരുന്ന ഐസക്കിനെ മുഖ്യമന്ത്രി പിണറായി വിജയനും കയ്യൊഴിയുകയാണെന്നാണ് സൂചന.
















