കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരളാകോണ്‍ഗ്രസ്-ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി യോഗത്തില്‍ തീരുമാനം. നേതൃയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും സഹകരണം വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാല്‍ എന്‍സിപിയുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ്-ബി താല്പര്യം അറിയിച്ചിരുന്നെന്നും ഇതുസംബന്ധിച്ച അനൗപചാരിക ചര്‍ച്ചകളുണ്ടായെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ വ്യക്തമാക്കി.
എന്‍സിപി യോഗത്തില്‍ പീതാംബരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയോടാലോചിക്കാതെ ചര്‍ച്ചയുണ്ടായത് ശരിയായില്ലെന്നായിരുന്നു യോഗത്തിനെത്തിയവരുടെ പ്രതികരണം. ചര്‍ച്ച പാര്‍ട്ടി അണികളില്‍ സംശയവും ദുരൂഹതയും ഉണ്ടാക്കിയെന്നും അവമതിക്ക് കാരണമായെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഈ സാഹചര്യത്തിലാണ് സഹകരണം വേണ്ടെന്ന് തീരുമാനത്തില്‍ എന്‍സിപി എത്തിയത്. കോടതി വിധി അനുകൂലമായാല്‍ എ.കെ. ശശീന്ദ്രനെ തന്നെ മന്ത്രിയാക്കാനും യോഗത്തില്‍ അഭിപ്രായമുണ്ടായി.
കേരളാ കോണ്‍ഗ്രസ്-ബി എന്‍സിപിയുമായി ലയിച്ച് ഗണേശേകുമാറിനെ മന്ത്രിയാക്കാനുള്ള നീക്കത്തെകുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തു വന്നത്. ഇതുസംബന്ധിച്ച് പീതാംബരന്‍, എകെ. ശശീന്ദ്രന്‍ എന്നിവരുമായി പിള്ള ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്പി (എല്‍) എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും എന്‍സിപിയില്‍ ലയിച്ച് മന്ത്രിസ്ഥാനത്തെത്താനുള്ള നീക്കം നടത്തിയിരുന്നു.
















