മൂന്നാര്‍: കാര്‍ഷിക ഗ്രാമമായ വട്ടവട പഞ്ചായത്തിന്റെ അഭിമാനമായി ശക്തിവേല്‍ എന്ന സൈനികന്‍. കാര്‍ഷിക വൃദ്ധി മാത്രം ഉപജീവനമാര്‍ഗമായി കണ്ടിരുന്ന വട്ടവട നിവാസികള്‍ക്കിടയിലെ ആദ്യ സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍. ചിലന്തിയാര്‍ സ്വദേശികളായ ആറുമുഖത്തിന്റെയും മൈലമ്മാളിന്റെയും മകനായ ശക്തിവേല്‍(24) സിഐഎസ്എഫ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ഒമ്പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്നലെയായിരുന്നു പാസിങ് ഔട്ട് പരേഡ്. തമിഴാനാട്ടിലെ ദിണ്ഡിഗല്ലില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സൈന്യത്തില്‍ ആകൃഷ്ടനായത്. പിന്നീട് ഇതിനായുള്ള നീണ്ട ശ്രമമായിരുന്നു.
സിഐഎസ്എഫ് ബെറ്റാലിയന്‍ നമ്പര്‍ വണ്ണിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ദേശീയതയിലൂന്നിയ കാഴ്‌ച്ചപ്പാടാണ് മിലിട്ടറി ജോലി ചെയ്യുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് ശക്തിവേല്‍ പറയുന്നു. കൊല്‍ക്കത്തയിലാണ് ആദ്യ നിയമനം എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിന് പോകാനായുള്ള തയ്യാറെടുപ്പിലാണ് ശക്തിവേല്‍. നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇത് മാറ്റി വയ്‌ക്കുകയാണ് ഇദ്ദേഹം.
















