കോട്ടയം: ഇന്നലെ അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍ ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുസംഘടനകളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. 2002 ആഗസ്റ്റ് 20ന് ഓശാന മൗണ്ടില്‍ നടന്ന ആര്‍എസ്എസ് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും വിവിധ ക്രൈസ്തവ സഭാനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും ആശയവിനിമയവും ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പാലാ ഇടമറ്റത്തെ ഓശാനക്കുന്നില്‍ വേഡ് ആന്‍ഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ ഹോം, ജുവനൈല്‍ ഡയബറ്റിക് ഹോം എന്നിവയും സ്ഥാപിച്ചു. ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവ സ്വതന്ത്ര ചിന്തയുടെയും വിമര്‍ശനത്തിന്റെയും വഴികള്‍ വെട്ടിത്തുറന്നു.
സഭയുടെ നിയമക്കുരുക്കുകളില്‍പ്പട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായി അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. 2008-ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ഇടമറ്റത്തെ സ്വന്തം സ്ഥലത്തെ മണ്ണില്‍ ചിതയൊരുക്കി ദഹിപ്പിക്കാനും പുലിക്കുന്നേല്‍ മടിച്ചില്ല. ആ മണ്ണില്‍തന്നെ തനിക്കും അന്ത്യവിശ്രമം വേണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്തു.എന്റെ മൃതദേഹം എന്റെ ഭൂമിയില്‍ തന്നെ മറവ് ചെയ്യണം എന്നാണ് അദ്ദേഹം തന്റെ ഒസ്യത്തില്‍ കുറിച്ചിരിക്കുന്നത്.
മരണാനന്തരം അദ്ദേഹത്തിന്റെ കണ്ണ് കോട്ടയം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. മൂന്ന് ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 14 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സിംഹാസനപ്പോര്, എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലേ, കേരള ക്രൈസ്തവ ചരിത്രം വിയോജനക്കുറിപ്പുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
















