കോഴിക്കോട്: അല്ലറ ചില്ലറ സാഹിത്യം കുറിച്ചിടുന്നവര്‍ പോലും കൂടുതല്‍ സമയവും അവാര്‍ഡുകള്‍ നേടാനുള്ള നെട്ടോട്ടത്തിലാണെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍.
കഴിവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം വാങ്ങണമെന്ന് വളര്‍ന്നു വരുന്ന തലമുറയെ ഉപദേശിക്കാന്‍ അങ്ങനെയുള്ളവര്‍ക്ക് അര്‍ഹതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാര്‍ഡ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനത്തായാല്‍ പോലും ആ അവാര്‍ഡ് തനിക്ക് വേണമെന്നാണ് ചിന്തിക്കുന്നത്. അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളവര്‍ക്ക് ബൈലോ പ്രകാരം അവാര്‍ഡിന് അര്‍ഹതയില്ല. അവാര്‍ഡ് തനിക്ക് തന്നെ കിട്ടണമെന്ന് ആഗ്രഹമുള്ളതിനാല്‍ തല്‍ക്കാലം കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കും. അവാര്‍ഡ് കിട്ടി കഴിഞ്ഞാല്‍ വീണ്ടും തിരിച്ചുവരും.
അക്കാദമി പുരസ്‌കാരമായാലും മറ്റ് പുരസ്‌കാരങ്ങളായാലും സ്ഥിതിയില്‍ മാറ്റമില്ല. എത്ര രൂപ കിട്ടും എന്നാണ് കണക്കുകൂട്ടുന്നവര്‍ ആദ്യം നോക്കുന്നത്. 11 ലക്ഷം രൂപയുള്ള ജൈനന്മാരുടെ ജ്ഞാനപീഠം പുരസ്‌കാരവും മാര്‍വാടികള്‍ നല്‍കുന്ന സരസ്വതി പുരസ്‌കാരവുമാണ് രൂപകൊണ്ട് വലുത്. ഒരു നാണവുമില്ലാതെ തന്നെ പോലുള്ളവര്‍ ഇവ കയ്യടക്കുകയാണ്. അക്കാദമികളിലും ഇത് തന്നെയാണ് നടക്കുന്നത്.
പരമാവധി 2000 രൂപ നല്‍കുന്ന എന്‍ഡോവ്മെന്റ് അവാര്‍ഡ് കയ്യടക്കിയ ശേഷം അക്കാദമി അവാര്‍ഡ് നേടിയെന്ന് ബയോഡാറ്റയില്‍ എഴുതിച്ചേര്‍ക്കുന്നവരാണ് പലരും. മാന്യന്മാരായവര്‍ ഇങ്ങനെ പറയില്ലെന്നും ഞാന്‍ മാന്യന്‍ അല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കലോത്സവ വേദികളില്‍ എങ്ങനെയെങ്കിലും അംഗീകാരം തരപ്പെടുത്തണമെന്ന ത്വര ഉണ്ടാകരുതെന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉപദേശിക്കാന്‍ താനുള്‍പ്പെടുന്ന സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും എന്ത് അര്‍ഹതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ടി. പത്മനാഭന്റെ ഈ വിമര്‍ശനം. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍ കുമാര്‍, രാഘവന്‍ കീച്ചേരി എന്നിവര്‍ സംസാരിച്ചു.
















