മൂന്നാര്‍: കുറ്റിയാര്‍വാലിയ്‌ക്ക് സമീപം ഏക്കറുകണക്കിന് പ്രദേശം കാട്ടു തീ വിഴുങ്ങി. തീപടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്ന് അഗ്നിശമനസേന എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നാലേക്കറോളം സ്ഥലത്തെ വനസമ്പത്താണ് കത്തിനശിച്ചത്. നെടുങ്കണ്ടം മൈനര്‍സിറ്റിയില്‍ കുറ്റിക്കാട്ടില്‍ തീപടര്‍ന്ന് അരയേക്കറോളം സ്ഥലം കത്തിനശിച്ചു. നെടുങ്കണ്ടത്ത് നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്. മഴക്കാലത്തിന് ശേഷം ജില്ലയില്‍ ആദ്യമായാണ് വനത്തിന് തീപിടിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് വ്യാപകമാകുമെന്ന ഭീതിയിലാണ് ഹൈറേഞ്ചിലെ അഗ്നിശമനസേന വിഭാഗങ്ങള്‍.
















