അടിമാലി: കല്ലാര്‍കുട്ടിയില്‍ അപായഭീതിയില്‍ യാത്രക്കാര്‍. കാലവര്‍ഷാവസാനത്തോടെ അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി ടൗണില്‍ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കടകളുള്‍പ്പെടെയുള്ള പാതയോരം കല്ലാര്‍കുട്ടി ഡാമില്‍ പതിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടക്കെണി ഇപ്പോഴും തുടരുകയാണ്.
ഇടിഞ്ഞ റോഡിന്റെ ഇടുങ്ങിയ ഭാഗത്ത് സുരക്ഷ മുന്‍നിര്‍ത്തി കരിങ്കല്ലുകള്‍ അടുക്കിയിരുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ടോറസ് പോലുള്ള ഭാരവണ്ടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പാലിക്കപ്പെടുന്നില്ല. ടൂറിസ്റ്റ് ബസുകള്‍ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതും നിത്യ സംഭവമാണ്. മൂന്ന് സ്ഥലങ്ങളിലേക്ക് തിരിയുന്ന തിരക്കുള്ള ജങ്ഷനായതിനാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പോലീസിനെ ഡ്യൂട്ടിക്കിട്ട് ഗതാഗത നിയന്ത്രണം വേണമെന്ന ആവശ്യവും പ്രാവര്‍ത്തികമാക്കിയിട്ടില്ല. യാത്രക്കാരും കച്ചവടക്കാരുമുള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
















