തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്ബര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്ഷയ് രണ്ടുദിവസമായി പോലിസ് കസ്റ്റഡിയിലായിരുന്നു. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തികകാര്യങ്ങളിലെ സ്വരച്ചേര്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു മകന്‍ അക്ഷയ് മൊഴി നല്കിയതായി പോലീസ് പറഞ്ഞു.
വാക് തര്‍ക്കത്തെത്തുടര്‍ന്ന് അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. മൊഴിയിലെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തെളിവുകളും ശാസ്ത്രീയപരിശോധനകളും ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
















