കൊച്ചി: സാധാരണക്കാരെ പിഴിഞ്ഞ് ബ്ലേഡ് മാഫിയയുടെ കൊള്ളയടി രൂക്ഷമായിട്ടും അധികാരത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞദിവസം എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നടത്തിയ റെയ്ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചായിരുന്നില്ല. പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നേരിട്ട് റെയ്ഡിനിറങ്ങുകയായിരുന്നു.
കൊള്ളപ്പലിശയ്‌ക്ക് പണം നല്‍കുന്ന സംഘത്തില്‍ സിപിഎം നേതാക്കളും കോര്‍പ്പറേറ്റ് വമ്പന്മാരും ഉള്‍പ്പെട്ടതാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരെ ഇടത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന് കാരണമെന്ന് പോലീസ് ഇടപെടലോടെ വ്യക്തമായി. കഴിഞ്ഞദിവസം പോലീസ് നേരിട്ട് നടത്തിയ റെയ്ഡില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതോടെയാണ് സര്‍ക്കാറിന്റെ ബ്ലേഡ് പ്രേമം മറനീക്കി പുറത്തുവന്നത്. സിപിഎമ്മുകാര്‍ കുടുങ്ങിയതോടെ ഇടതു അനുകൂലികളായ ചില പോലീസുകാര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തി. എന്നാല്‍, ചില ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ശ്രമങ്ങള്‍ വിഫലമായത്.
2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരെ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ റെയ്ഡ് ആരംഭിച്ചത്. 14200 റെയ്ഡുകളിലായി സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 3253 കേസുകളിലായി 2137 പ്രതികളെ പിടികൂടി. എന്നാല്‍, യുഡിഎഫിനോട് അടുത്ത ബന്ധമുള്ള ഉന്നതന്മാരെ പോലീസ് തൊട്ടതോടെ ഓപ്പറേഷന്‍ കുബേര നിലച്ചു. പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആളുകള്‍ ജീവനൊടുക്കിയതോടെയാണ് ഓപ്പറേഷന്‍ കുബേര വീണ്ടും ആരംഭിച്ചത്. എന്നാല്‍, ആദ്യഘട്ടത്തിലെ സുതാര്യത അതിനുണ്ടായില്ല. രാഷ്‌ട്രീയ ഇപെടല്‍ കൂടിയതോടെ പോലീസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഓപ്പറേഷന്‍ കുബേര പൂട്ടിക്കെട്ടിയതിനെ രൂക്ഷമായി വിമര്‍ശിച്ച എല്‍ഡിഎഫ് നേതൃത്വം അധികാരത്തിലെത്തിയപ്പോള്‍ ബ്ലേഡ് മാഫിയക്കൊര്‍ക്കൊപ്പം കൂടുന്ന കാഴ്ചയായിരുന്നു. നാളിതുവരെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു റെയ്ഡ് പോലുമുണ്ടായില്ല. എന്നാല്‍, യുഡിഎഫിന്റെ ഓപ്പറേഷന്‍ കുബേര, ഓപ്പറേഷന്‍ ബ്ലേഡ് ആക്കി പോലീസ് ഇടത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കളും കുടുങ്ങിയതോടെ ഇടത് സര്‍ക്കാര്‍ പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടുമോ എന്നേ ഇനി അറിയാനുള്ളൂ.
















