കോഴിക്കോട്: സോവിയറ്റ് യൂണിയന്‍, ചൈന എന്നിവ ഉള്‍പ്പെടെയുളള കമ്മ്യൂണിസ്റ്റ്‌രാജ്യങ്ങളില്‍ മാര്‍ക്‌സ് മുന്നോട്ടു വെച്ച രീതിയിലുള്ള ആശയപ്രകാശന സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇത് ചര്‍ച്ച ചെയ്യപ്പെടണമെന്നും ആദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്തതു സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുള്ള ഒരു കാരണമാണെന്ന് 1992 ല്‍ മദിരാശിയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും ചര്‍ച്ചയായിട്ടുണ്ടെന്നും ബേബി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ജിബിന്‍ പി. മൂഴിക്കലിന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ നാവ് അറി(രി)യുമ്പോള്‍ അകത്തോ പുറത്തോ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കുമേല്‍ ഏറ്റവും ശക്തമായ ഭരണകൂട ഇടപെടലുണ്ടായത്. അന്ന് അതിനെ ധീരമായി നേരിട്ട ചില പത്രങ്ങളുണ്ട്. എന്നാല്‍ കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ ചില പത്രങ്ങളുമുണ്ട്. അദ്ദേഹം പറഞ്ഞു. എല്ലാകാലത്തും അധികാരം ഒരാളില്‍ മാത്രം നില്‍ക്കില്ല, അതു മാറിക്കൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ അധികാരികളെ വിമര്‍ശിക്കാവുന്നതാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പി.വി. ജീജോ, സുബീഷ്, ഇ. ശോഭു, പി. വിപുല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
















