കോട്ടയം: മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ശീതസമരം പൊട്ടിത്തെറിയുടെ വക്കില്‍. എന്‍ജീനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതാണ് കാരണം. അസി.എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ഉണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തിന്റെ പാതയിലാണ്.
കരാറുകാരെ വഴിവിട്ട് സഹായിച്ചതിന് കാര്‍ അടക്കമുള്ള പാരിതോഷികങ്ങള്‍ വാങ്ങിയെന്ന ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത്. നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റവും ഉണ്ടായി. തെക്കന്‍ ജില്ലകളില്‍ ജോലി ചെയ്തവരെ വടക്കോട്ടും അവിടെ നിന്ന് തിരിച്ചും സ്ഥലം മാറ്റി. ആക്‌സിമകമായി ഉണ്ടായ കാരണങ്ങളെ തുടര്‍ന്ന് അവധിയെടുത്തവരോട് വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.
നിര്‍മ്മാണ പ്രവൃത്തികളില്‍ കൂടുതല്‍ റിസ്‌ക് എടുക്കണ്ടെന്നും മെല്ലെപ്പോക്ക് നയം സ്വീകരിക്കാനുമാണ് ഉദ്യോഗസ്ഥര്‍തമ്മിലുണ്ടാക്കിയ ധാരണ. നിയമവും ചട്ടവും മാത്രം നോക്കി തീരുമാനമെടുത്താല്‍ വിജിലന്‍സ ്അന്വേഷണത്തെയും കേസിനെയും ഭയക്കേണ്ടല്ലോ എന്നാണ് വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു ധാരണയില്‍ എത്തിയത്. യുദ്ധകാലടിസ്ഥാനത്തില്‍ ഒരു പ്രവൃത്തിയും ചെയ്യേണ്ടെന്നും ധാരണയിലെത്തിയിട്ടുണ്ട്.
വിരമിക്കാറായവരെയും നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ളവരെയും പ്രത്യേക കാരണമൊന്നുമില്ലാതെ ദൂര സ്ഥലങ്ങളിലേക്ക് മാറ്റിച്ചപ്പോള്‍ സര്‍വ്വീസ് സംഘടനകള്‍ നോക്കുകുത്തിയായി മാറിയെന്നാണ് ആക്ഷേപം. എന്‍ജീനിയര്‍മാരുടെ അസോസിയേഷന്‍ ദുര്‍ബലമായ സംഘടനയാണെന്നും നേതൃത്വത്തിന് മന്ത്രിയുടെ ഓഫീസിന്റെ പ്രീതി പിടിച്ച് പറ്റുക മാത്രമാണ് താല്പര്യമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നു. അതേസമയം സ്ഥലം മാറ്റത്തിലും സസ്‌പെന്‍ഷനിലും ഇടപെട്ട ഇടത് സര്‍വ്വീസ് സംഘടനകളെയും മന്ത്രിയുടെ ഓഫീസ് അവഗണിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതോടെയാണ് ഭരണപക്ഷ സംഘടനകളും നിലപാട് കടുപ്പിച്ചത്.
പൊതുമരാമത്ത് വകുപ്പില്‍ നാളുകളായി തുടരുന്ന ശീതസമരത്തെ തുടര്‍ന്ന് പുതിയ പ്രവൃത്തികള്‍ ഒന്നും കാര്യമായി നടക്കുന്നില്ല. മുമ്പുണ്ടായിരുന്ന പ്രവൃത്തികള്‍ മാത്രമാണ് നടക്കുന്നത്. പ്രവൃത്തികളുടെ പരിശോധനയും അനുമതി നല്‍കലും കിഫ്ബിയുടെ കീഴിലായതോടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണെന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികളെ കൂടി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം അഴിമതിയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വെച്ച് പൊറുപ്പിക്കില്ലെന്നും ഓഫീസില്‍ രാവിലെ താമസിച്ച് വരികയും വൈകുന്നേരം നേരത്തേ പോകുകയും ചെയ്യുന്ന രീതി നടക്കില്ലെന്ന നിലപാടിലാണ് മന്ത്രി. അങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഓഫീസില്‍ എത്തി പരിശോധിച്ച് കണ്ടെത്താന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
















