തൃശൂര്‍: യൂണിഫോം ഒന്നാണെങ്കിലും പോലീസിനും അഗ്നിശമനസേനയ്‌ക്കും ലഭിക്കുന്ന വേതനവും സേവനവും രണ്ടുതരത്തില്‍. ആനുകൂല്യങ്ങള്‍ രണ്ട് തരത്തിലായതിനെ തുടര്‍ന്ന് അഗ്നിശമന സേനയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രാജിവെയ്‌ക്കുകയാണ്. 24 മണിക്കൂറും സേവനം ചെയ്യുന്ന ഫയര്‍മാന്‍മാര്‍ക്ക് തുല്യറാങ്കിലുള്ള പോലീസുകാരെക്കാള്‍ അടിസ്ഥാന ശമ്പളത്തില്‍ 2000 രൂപയുടെ കുറവാണ്. പോലീസ് സേനയില്‍ ലഭിക്കുന്ന പോലെ സ്ഥാനക്കയറ്റവും ലഭിക്കാറില്ല.
ഫയര്‍മാനായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് വരെ അതേ റാങ്കില്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ്. സേവന വേതന വ്യവസ്ഥകള്‍ പോലീസ് സേനയ്‌ക്കു സമമാക്കണമെന്ന് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായിട്ടില്ല. അഗ്നിശമന സേനയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് വകുപ്പുകളില്‍ ജോലി ലഭിച്ചാല്‍ വേറൊന്നും ആലോചിക്കാതെ രാജിവെയ്‌ക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഉഴലുന്ന അഗ്നിശമന സേനക്ക് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്‌നമാണ്.
കെഎസ്ആര്‍ടിസിയിലെ വിവിധ തസ്തികകളില്‍ നിന്ന് 675 ജീവനക്കാര്‍ രാജി വെച്ചതിന് തൊട്ട് പിന്നാലെ അഗ്നിശമന സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥുടെ കൊഴിഞ്ഞുപോകല്‍ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
പോലീസ് സേനയില്‍ യൂണിഫോം അലവന്‍സായ 5000 രൂപ അഗ്നിശമന സേനയ്‌ക്കും ലഭിക്കുന്നുണ്ട്. റിസ്‌ക് അലവന്‍സ് 200 രൂപയും ബാഗേജ് അലവന്‍സ് 150 ലഭിക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന ശമ്പളത്തിന്റെ കുറവ് പരിഹരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ് തടിതപ്പുകയാണ് സര്‍ക്കാരെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പരാതിപ്പെടുന്നു.
പോലീസ് സേനയിലെ പരിശീലന കാലയളവ് ഒമ്പത് മാസമാണെങ്കില്‍ അഗ്നിശമന സേനയുടെ പരിശീലന കാലയളവ് 12 മാസമാണ്. സേനയില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ജംഗ്പാംഗി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് അതിന്മേല്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ആറുമാസം തൃശൂര്‍ അക്കാദമിയിലും ആറുമാസം വിവിധ സ്റ്റേഷനുകളിലുമാണ് അഗ്നിശമന സേനയ്‌ക്ക് പരിശീലനം. പോലീസ് സേനയ്‌ക്ക് ഒമ്പത് മാസം കൊണ്ട് ആയുധ പരിശീലനം വരെ നല്‍കും.
അഗ്നിശമന സേനയ്‌ക്ക് ഇത്തരത്തിലുള്ള യാതൊരു പരിശീലനങ്ങളും നല്‍കുന്നില്ല. ആകെ നല്‍കുന്നത് കാലഹരണപ്പെട്ട പരിശീലന മുറകള്‍ മാത്രമാണ്. സ്റ്റേഷന്‍ ഓഫീസര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍, നാല് ലീഡിംഗ് ഫയര്‍മാന്‍മാര്‍, 24 ഫയര്‍മാന്‍മാര്‍, ഏഴ് ഡ്രൈവര്‍മാര്‍, ഒരു മെക്കാനിക്ക്, ഒരു ക്ലാര്‍ക്ക്, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. എന്നാല്‍ പല സ്റ്റേഷനുകളിലും ഇതിന്റെ പകുതി ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാറുള്ളു.
















