കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ കീഴില്‍ തയ്യാറാക്കുന്ന നിഘണ്ടുവിന്റെ പൂര്‍ത്തീകരണത്തിനായി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് നല്‍കിയെന്ന അവകാശവാദവുമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. എന്നാല്‍ കഴിഞ്ഞ പത്തു മാസമായി ഹോണറേറിയം പോലും നല്‍കിയിട്ടില്ലെന്ന് രാജിവെച്ച വിസിറ്റിങ് പ്രൊഫസര്‍ എം.എം. ബഷീര്‍ വ്യക്തമാക്കി. പ്രിന്ററിന്റെ ടോണര്‍ തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ പോലും അത് മാറ്റി നല്‍കാന്‍ പണമനുവദിച്ചില്ല. ആറു മാസം പിന്നാലെ നടന്നിട്ട് ഒന്നും ചെയ്യാത്ത സര്‍വകലാശാലയ്‌ക്ക് ചെയറിന്റെ ഉത്തരവാദപ്പെട്ടവര്‍ രാജിവെച്ചപ്പോഴാണ് അനക്കമുണ്ടായത്.
ചെയര്‍ കോര്‍ഡിനേറ്ററായ മലയാള പഠനവകുപ്പ് മേധാവിക്ക് ഡിസംബര്‍ പതിനഞ്ചിനു തന്നെ പണം നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പായി നിഘണ്ടു പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ബഷീര്‍ മ്യൂസിയം ഉള്‍പ്പെടെ അഞ്ച് മ്യൂസിയങ്ങള്‍ ഉള്‍പ്പെടുന്ന കോംപ്ലക്‌സിന് രണ്ട് കോടി രൂപ നേരത്തെ തന്നെ സര്‍വകലാശാല അനുവദിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അവകാശപ്പെടുന്നു. ബഷീര്‍ ചെയറിന്റെ ഉത്തരവാദിത്തം മലയാള പഠന വകുപ്പ് മേധാവി ഡോ. ഉമ്മര്‍ തറയിലിനെ ഏല്‍പ്പിച്ചതായും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എം.എം ബഷീര്‍, ഡോ. എന്‍.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ രാജിവെച്ചതിനെതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്നലെ അടിയന്തര യോഗം ചേര്‍ന്ന് സര്‍വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. മലയാള പഠന വകുപ്പില്‍ മഹാപണ്ഡിതരായ ആളുകളുണ്ടെന്നും അവരെക്കൊണ്ട് നിഘണ്ടുവിന്റെ ബാക്കി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് എതിര്‍പ്പില്ലെന്നും എം.എം. ബഷീര്‍ പറഞ്ഞു. രാജി പിന്‍വലിക്കണമെന്ന് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നും പരമാവധി അപമാനം സഹിച്ചാണ് ഇതുവരെ തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്.
സിന്‍ഡിക്കേറ്റ് അംഗം കെ.കെ.ഹനീഫ, രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുല്‍ മജീദ്, മലയാള പഠനവകുപ്പ് മേധാവിയും ചെയര്‍ കോര്‍ഡിനേറ്ററുമായ ഡോ.ഉമര്‍ തറമേല്‍, ഫിനാന്‍സ് ഓഫീസര്‍ വേലായുധന്‍ മുടിക്കുന്നത്ത്, ജനറല്‍ ആന്‍ഡ് സഅക്കാദമിക് വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ പി.പി.അജിത, പ്ലാനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.കെ.സുമംഗല തുടങ്ങിയവരും പങ്കെടുത്തു.
















