തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസില്ലെന്ന് ജേക്കബ് തോമസ്. ഇപ്പോഴും താന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.
ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സസ്പെന്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്.
തലസ്ഥാനത്തെ പ്രസ്‌ക്ലബില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ പ്രസംഗത്തിനിടെ ജേക്കബ് തോമസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതുള്‍പ്പടെ നിശിത വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്.
അഴിമതിക്കാര്‍ തമ്മില്‍ സംസ്ഥാനത്ത് ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുള്ളതിനാല്‍ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ്, 51 വെട്ടു വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
















