കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കുന്ന പുതിയ ഡേറ്റാ ബാങ്കിന്റെ നടപടിക്രമങ്ങള്‍ അപേക്ഷകരെ വട്ടംകറക്കുന്നു. സര്‍ക്കാര്‍ 2008ല്‍ പുറത്തിറക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
ഡേറ്റാ ബാങ്കില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയതില്‍ പരാതിയുള്ളവര്‍ കൃഷി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഓരോ അപേക്ഷയിലും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സംയുക്തമായി പരിശോധന നടത്തണം. തണ്ണീര്‍ത്തടം വില്ലേജ് ഓഫീസറും, നെല്‍വയല്‍ കൃഷി ഓഫീസറുമാണ് തീരുമാനിക്കേണ്ടത്. നെല്‍പ്പാടങ്ങള്‍ കൃഷി ഓഫീസര്‍ക്ക് നിശ്ചയിക്കാന്‍ പറ്റിയില്ലെങ്കില്‍ അപേക്ഷകള്‍ ഉപഗ്രഹ നിരീക്ഷണത്തിനായി തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന് കൈമാറാം. അല്ലെങ്കില്‍ ഇവയെ ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കാം.
എന്നാല്‍ നടപടികള്‍ ആരംഭിച്ച ജില്ലകളിലെ മിക്ക കൃഷി ഓഫീസര്‍മാരും ആദ്യമേ തന്നെ ഉപഗ്രഹ നിരീക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി സ്ഥലത്തിന്റെ സ്‌കെച്ചും, ഉപഗ്രഹ പരിശോധനാ ഫീസായ 1500 രൂപയും സഹിതമാണ് കര്‍ഷകര്‍ അപേക്ഷിക്കേണ്ടത്. സ്‌കെച്ചിന് ഫീസടച്ച ശേഷവും ഉപഗ്രഹ രേഖകള്‍ക്കായി ബന്ധപ്പെട്ട ഫയല്‍ റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെത്തണം. ഇതിന് കാലതാമസം ഏറെയാണെന്നാണ് കര്‍ഷകരുടെ പരാതി. സ്ഥലത്തെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് സംശയമുണ്ടെങ്കില്‍ മാത്രം ഉപഗ്രഹ പരിശോധന നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് അട്ടിമറിച്ചാണ് ആദ്യഘട്ടത്തില്‍ തന്നെ കര്‍ഷകരില്‍ നിന്ന് പണം ഈടാക്കുന്നത്.
ഡേറ്റാ ബാങ്കിലെ പിശക് കാരണം സ്വന്തം ഭൂമിയില്‍ വീട് വയ്‌ക്കാനോ, പുനര്‍നിര്‍മ്മാണം നടത്താനോ, വില്‍ക്കാനോ കഴിയാത്തവരെയാണ് കാലതാമസം ഏറെ ബുദ്ധിമുട്ടിക്കുന്നത്. വരുന്ന മാര്‍ച്ച് 31ന് മുമ്പായി അന്തിമ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
















