കൊലക്കുറ്റത്തിന് പിടിയിലായ ശംഭുലാല്‍ റെഗാര്‍. കൊല്ലപ്പെട്ട അഫ്രസുള്‍ ഇന്‍സെറ്റില്‍
ഉദയ്‌പൂര്‍ : രാജസ്ഥാനില്‍ ‘ജിഹാദി’യെന്ന് ആരോപിച്ച് തൊഴിലാളിയെ തീവെച്ചുകൊന്നയാള്‍ പിടിയില്‍. ബുധനാഴ്ചയാണ് സംഭവം. ശംഭുലാല്‍ റെഗാര്‍ എന്ന തൊഴിലില്ലാത്ത യുവാവ് കോടാലികൊണ്ട് വെട്ടി, തീകൊളുത്തി കൊന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ശംഭുലാലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
‘ജിഹാദികള്‍ ഇന്ത്യവിട്ടു പോയില്ലെങ്കില്‍ ഇതാവും ഗതിയെന്ന്’ അലറി വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൊലപാതകത്തിന്റെ കാരണം പോലീസിന് ഇനിയും പിടികിട്ടിയിട്ടില്ല.
ബംഗാളില്‍നിന്ന് ജോലിക്കെത്തിയ അഫ്രസുളാണ് (50) കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം രജസമാന്ദില്‍ നിന്ന് 100മീറ്റര്‍ ദൂരെ ഹോട്ടലിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മേവാര്‍ മേഖലയില്‍ ഇസ്ലാമിക ജിഹാദികള്‍ക്കെതിരേ ഇത്തരം ആക്രമണം നടത്തുമെന്ന് കൊലയാളി ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി, സിപിഎം നേതാവ് സീതാറാം യച്ചൂരി തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു. കുറ്റവാളി പിടിയിലായെന്നും കൂടുതല്‍ അന്വേഷണം നടത്തി, തക്ക ശിക്ഷ കൊലയാളിക്ക് ഉറപ്പാക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
















