ഗാന്ധിനഗര്‍: ഓഖി ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഗുജറാത്തിലും വിപുലമായ മുന്‍കരുതലുകള്‍. തീരമേഖലകളായ സൂററ്റ്, നവസരായി, ആംറേലി, വല്‍സാദ്, ഭാവ്‌നഗര്‍, സോമനാഥം തുടങ്ങിയ സ്ഥലങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു.
സൂറത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണിപ്പോള്‍ ഓഖി. രാത്രി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജനങ്ങള്‍ക്ക് എന്തു സഹായവും നല്‍കാന്‍ തയാറായിരിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
തീര മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍, മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും വിലക്കി. രാത്രി യാത്രകള്‍ ഒഴിവാക്കാന്‍ സൂററ്റ് നിവാസികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വല്‍സാദ്, സൂററ്റ്, നവസരായി, ബറൂച്ച്, ദാങ്, താപി, ഗീര്‍, സോമനാഥം, ഭാവ്‌നഗര്‍ തുടങ്ങിയ ജില്ലകളില്‍ ഇന്നലെ കനത്ത മഴ പെയ്തു. റായ്ഗഡില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേര്‍ കയറിയ ബോട്ട് കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ തുടങ്ങിയവര്‍ പങ്കെടുക്കേണ്ട തെരഞ്ഞെടുപ്പ് റാലികള്‍ റദാക്കി. രജുല, മധുവ, സിഹോര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അമിത് ഷാ റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ മാസം ഒന്‍പതിനാണ് ഇവിടെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
















