കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജെ. ജയലളിതയുടെ പ്രതിമ കോയമ്പത്തൂരില്‍ സ്ഥാപിച്ചു. അവിനാശി റോഡിലുള്ള സി.എന്‍. അണ്ണാദുരെയുടെ പ്രതിമയ്‌ക്കടുത്തായാണ് ജയയുടെയും മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെയും പ്രതിമകള്‍ സ്ഥാപിച്ചത്.
ഔദ്യോഗിക ഉദ്ഘാടനമോ പ്രത്യേക ചടങ്ങുകളോ ഒന്നുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞായറാഴ്ചയാണ് ഇവ മൂടിയിരുന്ന ഷീറ്റുകള്‍ നീക്കിയത്. അണ്ണാദുരെ പ്രതിമ പോളിഷ് ചെയ്ത് മിനുക്കിയിട്ടുണ്ട്. ജന്മശതാബ്ദി വര്‍ഷത്തില്‍ സ്മാരകമെന്ന നിലയിലാണ് എംജിആര്‍ പ്രതിമ സ്ഥാപിച്ചത്. അതിനൊപ്പം ജയയ്‌ക്കും ഇടം നല്‍കി. ഇവയുടെ നിര്‍മാണം മൂന്നു മാസം മുന്‍പ് പൂര്‍ത്തിയായെങ്കിലും മൂടിയിട്ടിരിക്കുകയായിരുന്നു. എംജിആര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടാണ് ഞായറാഴ്ച മൂടികള്‍ നീക്കിയത്.
അതിനിടെ, എംജിആര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. എംജിആറിന്റെ കര്‍മമേഖലയായിരുന്ന കോയമ്പത്തൂരടക്കം എട്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 4,000 പോലീസുകാരെ അധികമായി എട്ട് ജില്ലകളില്‍ വിന്യസിച്ചു.
















