അയോധ്യ: രാമജന്മഭൂമിയില്‍ ശ്രീരാമചന്ദ്രനെ പരിചരിക്കുന്നവരുടെ പേരു കേട്ടാല്‍ ആദ്യമൊന്ന് അമ്പരക്കും. കാരണം രണ്ടു ദശകത്തിലധികമായി അയോധ്യയിലെ ശ്രീരാമനെ പലവിധത്തില്‍ പരിചരിക്കുന്നവരില്‍ അബ്ദുള്‍ വാഹിദ്, സാദിഖ് അലി, മെഹബൂബ് എന്നിവരുണ്ട്. ക്ഷേത്ര കാവല്‍ മുതല്‍, വസ്ത്രം നല്‍കുന്നതു വരെ വിവിധ ജോലികള്‍ ഇവര്‍ രാമ സന്നിധിയില്‍ ചെയ്യുന്നു.
ക്ഷേത്രത്തിന്റെ സുരക്ഷാ ജോലിയാണ് വാഹിദിന്. ഉത്തര്‍പ്രദേശ് പിഡബ്ല്യുഡിക്കു കീഴില്‍ ദിവസം 250 രൂപയ്‌ക്ക്. ക്ഷേത്രത്തിനു മുന്നില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതും സംരക്ഷിക്കുന്നതും വെല്‍ഡിങ് ജോലിക്കാരനായ വാഹിദാണ്. ഇതിനു പുറമെ രാത്രി ക്ഷേത്രത്തിലെ കാവല്‍ ജോലിയും നോക്കുന്നു.
തുന്നല്‍ ജോലിക്കാരനാണ് സാദിഖ് അലി. രാമ വിഗ്രഹത്തിനു വേണ്ട വസ്ത്രങ്ങള്‍ നല്‍കുന്നത് ഇദ്ദേഹമാണ്. ക്ഷേത്രപുരോഹിതന്റെ നിര്‍ദേശമനുസരിച്ചാണിത്. ക്ഷേത്രത്തിലെയും പരിസരത്തെയും പ്രകാശ സംവിധാനങ്ങളുടെ ചുമതല മെഹബൂബിനാണ്. ഇരുപത്തിനാല് മണിക്കൂറും ജാഗ്രത വേണം.
രാമജന്മഭൂമി സീതാകുണ്ഡിലെ ഭൂഗര്‍ഭജലം 1995ല്‍ മോട്ടോര്‍ ഉപയോഗിച്ച് നീക്കം ചെയ്തതു മുതല്‍ മെഹബൂബ് ഇവിടെയുണ്ട്. ഇപ്പോള്‍, ക്ഷേത്രത്തിലെ ഇലക്ട്രിക് ജോലികളും നിര്‍വഹിക്കുന്നു.
















