കണ്ണൂര്‍: ഒടുവില്‍ പി.ജയരാജന്‍ പാര്‍ട്ടിക്ക് കീഴടങ്ങുന്നു. ശത്രു മാധ്യമങ്ങള്‍ തന്റെ ഫോട്ടോ വെയ്‌ക്കുന്നത് ആയുധമാക്കുന്നുവെന്നും അതിനാല്‍ തന്റെ ഫോട്ടോ വെക്കരുതെന്നും ചൂണ്ടിക്കാട്ടി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നത് നിര്‍ത്തണമെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്‌ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നേരത്തേ ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബവും ഡോക്യുമെന്ററിയും പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ജയരാജനെ നിശിതമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കുന്ന പ്രവണതയില്‍ നിന്നും ജയരാജന്‍ പിന്മാറണമെന്നും സംസ്ഥാന സമിതിയുടെ തീരുമാനം പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ കീഴ്ഘടകങ്ങളില റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് ജയരാജന് പിന്തുണ നല്‍കി, റിപ്പോര്‍ട്ടിങ്ങ് വേണ്ടെന്നു വെച്ചിരുന്നു.
സംസ്ഥാനസമിതി തീരുമാനശേഷവും തലശ്ശേരി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജയരാജനെ ധീരനും വീരനുമായി ചിത്രീകരിച്ച് കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഇത് വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ ജയരാജന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തിന് വിലകല്‍പ്പിക്കാതെ പോസ്റ്റുകള്‍ നാടുനീളെ പ്രത്യക്ഷപ്പെടുന്നത് ജില്ലാ സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിക്കകത്തെ തന്റെ സ്ഥാനങ്ങള്‍ക്ക് പോറലേല്‍പ്പിക്കമോയെന്ന ജയരാജന്റെ ഭയമാണ് ഇപ്പോഴുണ്ടായിരിക്കുന്ന മനംമാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലെ കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുവെന്ന തിരിച്ചറിവ് കൂടിയാണ് പാര്‍ട്ടിക്ക് മുന്നില്‍ കീഴടങ്ങാന്‍ ജയരാജനെ നിര്‍ബന്ധിതനാക്കിയിരിക്കുന്നത്.
















