കുണ്ടറ: കൊറ്റംകര ഏഴാം വാര്‍ഡില്‍ അങ്കണവാടിക്ക് സമീപം സ്ഥാപിക്കുന്ന മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നു. നിലവില്‍ ഒരെണ്ണം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പുതിയത് സ്ഥാപിക്കുമ്പോള്‍ അടുത്തുള്ള വീടുകളുടെ അകലം നോക്കാതെയും വൈദ്യുതിബോര്‍ഡിന്റെയും ടെലികോമിന്റെയും മാനദണ്ഡങ്ങളും പാലിക്കാതെയുമാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി. സുനില്‍ കുമാര്‍, മിനി കുമാരിയമ്മ, രഘു പാണ്ഡവപുരം, ഉദയകുമാര്‍, സുജിത എന്നിവര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കഴിഞ്ഞ ദിവസം നടന്ന സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു.
















