തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് 28ന് കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ട. ഇതേക്കുറിച്ചു പരസ്പരം പഴിചാരേണ്ടതില്ല. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം പരിഗണിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പുനല്‍കി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മല്‍സ്യത്തൊഴിലാളുകളുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കുന്നു.30-ാം തീയതി രാത്രി മുതല്‍ വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടക്കുന്നുണ്ട് എല്ലാ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിലാണു നടത്തുന്നത്. മല്‍സ്യത്തൊഴിലാളികളെയും തിരച്ചിലിന്റെ ഭാഗമാക്കാന്‍ തയാറാണ്. കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്.
സുനാമിയുണ്ടായപ്പോഴത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഇതുവരെ 405 പേരെ ആഞ്ഞടിക്കുന്ന കടലില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ള 11 പേര്‍ ഇപ്പോള്‍ സേനകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും. നിര്‍മല സീതാരാമന്‍ പറഞ്ഞു.
















